യുദ്ധകലുഷിതമായ യമനിൽ വേണ്ടത്ര ചികിത്സ കിട്ടാതെ ഇരട്ടകൾ മരിച്ചു

യമനിൽ വേണ്ടത്ര ചികിത്സ ലഭിക്കാതെ സയാമീസ് ഇരട്ടകൾ മരിച്ചു. സൻആയിലാണ് ലോകത്തെ ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്. യുദ്ധകലുഷിതമായ ഭൂമിയിൽ വിമാനത്താവളം അടച്ചതിനാൽ കുട്ടികളെ വിദേശത്തു കൊണ്ടുപോയി വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല . തുടർന്ന് കുട്ടികൾ മരിക്കുകയായിരുന്നു .
രണ്ടാഴ്ച മാത്രം പ്രായമുള്ള അബ്ദ് അൽ ഖലേഖ്, അബ്ദ് അൽ റഹിം എന്നീ ആൺകുട്ടികളാണ് വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ചത്. സയാമീസ് ഇരട്ടകളായിരുന്ന ഇവരുടെ ഉടൽ ഒട്ടിച്ചേർന്ന നിലയിലായിരുന്നു. സൻആയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ലാത്തതിനാൽ കുട്ടികൾക്ക് വിദേശ ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു.
സൗദിയുടെ പിന്തുണയുള്ള യമന്‍ സൈന്യവും ഹൂതികളും തമ്മിൽ യുദ്ധം നടക്കുന്നതിനാൽ 2015 മുതൽ സൻആ വിമാനത്താവളം അടച്ചിരിക്കുകയാണ്. ഇത് മൂലം കുട്ടികളെ വിദേശത്തേക്ക് കൊണ്ടുപോകാനായില്ല. കുട്ടികളുടെ മരണം ആരോഗ്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇരുവരുടെയു സംസ്കാരം ഞായറാഴ്ച സൻആ യിൽ നടത്തി.
നിലവിൽ ഐക്യരാഷ്ട്രസഭയുടെ വിമാനങ്ങൾക്ക് മാത്രമാണ് സൻആ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി. വിമാനത്താവളം തുറക്കണമെന്ന ആവശ്യത്തിൽ യു.എന്നിന്റെ മധ്യസ്ഥതയിൽ ഡിസംബർ മുതൽ ചർച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമൊന്നും ആയില്ല.
https://www.facebook.com/Malayalivartha


























