ഗര്‍ഭത്തിലുള്ള കുഞ്ഞ്, ജനിച്ച് അരമണിക്കൂര്‍ മാത്രമേ ജീവിക്കൂവെന്ന് അഞ്ചാം മാസത്തില്‍ അറിഞ്ഞു, എങ്കിലും ആ കുഞ്ഞിനെ ഗര്‍ഭകാലം പൂര്‍ത്തിയാകും വരെ വഹിച്ച് ആ അമ്മ പ്രസവിച്ചത് അജ്ഞാതരായ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ആ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി!

വാഷിങ്ടണ്‍ സ്വദേശിയായ ക്രിസ്റ്റാ ഡേവിസ് പതിനെട്ട് ആഴ്ച്ച ഗര്‍ഭിണിയായപ്പോഴാണ് ഗര്‍ഭസ്ഥ ശിശുവിന് ഒരു വൈകല്യമുണ്ടെന്ന് ഡോക്ടര്‍ പറയുന്നത്. അനെന്‍സിഫാലി എന്ന അപൂര്‍വ രോഗം പിടിപെട്ടിരുന്നു ക്രിസ്റ്റയുടെ കുഞ്ഞിന്. തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ നവജാതശിശുക്കള്‍ പിറക്കുന്ന അവസ്ഥയാണിത്. ഇരുപത്തിമൂന്നുകാരിയായ ക്രിസ്റ്റയും പങ്കാളി ഡെറിക് ലോവെറ്റും ഈ വിവരം അറിഞ്ഞതോടെ തളരുകയായിരുന്നു.
് ക്രിസ്റ്റയ്ക്കും ഡെറിക്കും മുന്നില്‍ ഡോക്ടര്‍ വച്ചത് രണ്ടു വഴികളാണ്. ഒന്നുകില്‍ എത്രയും പെട്ടെന്നു പ്രസവം നടത്തുക അല്ലെങ്കില്‍ ഗര്‍ഭകാലം പൂര്‍ത്തിയാകും വരെ കുഞ്ഞിനെ വഹിച്ച് കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാം. ജനിച്ചാലും ഏറെ നേരം കുഞ്ഞിന് ജീവിച്ചിരിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ ഉറപ്പു പറയുകയും ചെയ്തു.
അങ്ങനെ ക്രിസ്മസ് രാത്രിയില്‍ ക്രിസ്റ്റ, നാല്‍പത് ആഴ്ച്ച പ്രായമുള്ള തന്റെ കുഞ്ഞിന് ജന്മം നല്‍കി, അവള്‍ക്ക് റെയ്‌ലി ആര്‍കേഡിയ ഡയാന്‍ ലോവെറ്റ് എന്നു പേരുമിട്ടു. എന്നാല്‍ അരമണിക്കൂര്‍ മാത്രമേ ജീവന്‍ ശേഷിക്കൂ എന്നു ഡോക്ടര്‍ പറഞ്ഞതിനു വിപരീതമായി അവള്‍ ഒരാഴ്ച്ചയോളം ജീവിച്ചു. തുടര്‍ന്നങ്ങോട്ട് റെയ്‌ലി മരിക്കുന്നതു വരെയും ആശുപത്രിയിലായിരുന്നു ക്രിസ്റ്റയുടെയും ഡെറിക്കിന്റെയും ജീവിതം. ഒടുവില്‍ പുതുവര്‍ഷത്തിന്റെ തലേന്ന് അവള്‍ ഈ ലോകത്തോടു വിടപറഞ്ഞു.

റെയ്‌ലിയുടെ മരണത്തോടെ അവളെ പൂര്‍ണമായും ഈ ഭൂമിയില്‍ നിന്നു വിട്ടയക്കാന്‍ ആ മാതാപിതാക്കള്‍ക്കായില്ല. മകള്‍ മരിച്ചാലും മറ്റുള്ളവരിലൂടെ അവള്‍ ഇനിയും ജീവിക്കണമെന്നു കരുതി അവര്‍ റെയ്‌ലിയുടെ ഹൃദയ വാല്‍വുകള്‍ രണ്ടു കുട്ടികള്‍ക്കു വേണ്ടിയും ശ്വാസകോശം ഒരു ഗവേഷണ ആശുപത്രിക്കു വേണ്ടിയും ദാനം ചെയ്തു.

അരമണിക്കൂര്‍ മാത്രമേ ജീവിക്കൂ എന്നു കരുതിയിരുന്ന കുഞ്ഞിനെ ഒരാഴ്ച്ചയോളം താലോലിക്കാന്‍ കിട്ടിയില്ലേ അതാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിക്കുകയാണ് ഇരുവരും. ജീവിച്ചിരുന്ന ആ ഒരാഴ്ച്ചയില്‍ ഒരിക്കല്‍പ്പോലും റെയ്‌ലി കരഞ്ഞിരുന്നില്ലെന്നും ക്രിസ്റ്റ ഓര്‍ക്കുന്നു. എങ്കിലും അവസാന ദിവസം ഓക്‌സിജന്റെ ലഭ്യത കുറഞ്ഞപ്പോള്‍ മാത്രം അവളൊന്നു കരഞ്ഞുവെന്നും ക്രിസ്റ്റ പറയുന്നു.
https://www.facebook.com/Malayalivartha


























