സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുള്ള മുന്‍പ്രസിഡന്റ് പീഡിപ്പിച്ചെന്ന ആരോപണവുമായി മുന്‍ സൗന്ദര്യ റാണി

ഒരു പ്രമുഖനെതിരെ ലൈംഗികാക്രമണ ആരോപണവുമായി വീണ്ടും മീ ടൂ. അധികാരവും പദവിയും ദുരുപയോഗം ചെയ്ത് സ്ത്രീയെ ആക്രമിച്ചെന്ന ഗുരുതര പരാതി ഇത്തവണ ലാറ്റിന്‍ അമേരിക്കയില്‍നിന്നാണ്. ആരോപണത്തെ അനുകൂലിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുകയും തങ്ങള്‍ പരാതിക്കാരിയെ വിശ്വസിക്കുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രതിസന്ധി കടുത്തിരിക്കുകയാണ്.
രാജ്യത്തിന്റെ മുന്‍പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ഓസ്‌കര്‍ ഏരിയസിനെതിരെയാണ് സൗന്ദര്യമല്‍സര ജേതാവ് മുന്‍ മിസ് കോസ്റ്ററിക്ക യാസ്മിന്‍ മൊറെയ്ല്‍സ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നാലുവര്‍ഷം മുമ്പ് ഏരിയസ് തന്നെ അനുമതിയില്ലാതെ ലൈംഗികാക്രമണത്തിനു വിധേയയാക്കി എന്നാണ് മൊറെയ്ല്‍സിന്റെ പരാതി. ഇതിനുമുമ്പും ഏരിയസിനെതിരെ ആരോപണം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ മുന്‍ സൗന്ദര്യറാണിയുടെ ആരോപണം കൂടിയായതോടെ സമ്മര്‍ദ്ദത്തിലായിരിക്കയാണ് ഏരിയസ്.
മുന്‍ പ്രസിഡന്റിന്റെ സാന്‍ഹോസെയിലെ വസതിയില്‍വച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം എന്നു പറയുന്നു മൊറെയ്ല്‍സ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ടതിനുശേഷമായിരുന്നു ന്യായീകരിക്കാനാവാത്ത പ്രവൃത്തി ഉണ്ടായത്. 'അയാള്‍ പെട്ടെന്ന് എന്നെ കടന്നുപടിച്ചു. ബലം പ്രയോഗിച്ച് ശരീരത്തിലേക്ക് ചേര്‍ത്തുനിര്‍ത്തി. അതിനുശേഷം എന്റെ മാറിടത്തില്‍ സ്പര്‍ശിക്കുകയും അനുമതിയില്ലാതെ ചുംബിക്കുകയും ചെയ്തു'– മൊറെയ്ല്‍സിന്റെ പരാതിയില്‍ പറയുന്നു. ആരോപണം ആദ്യം പുറത്തുവന്നത് മാധ്യമങ്ങളിലൂടെയാണ്. സംഭവം സത്യമാണെന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം മൊറെയ്ല്‍സ് തന്നെ രംഗത്തെത്തുകയും ചെയ്തു.

ഞാന്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു. പ്രശസ്തനും എന്റെ ആരാധനാപാത്രവുമായ, സ്വാധീനശേഷിയുള്ള ഒരാളില്‍നിന്ന് ഇത്തരമൊരു പെരുമാറ്റം എനിക്കു സങ്കല്‍പിക്കാന്‍ പോലുമായില്ല– മൊറെയ്ല്‍സ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























