വിലാപം ഒഴിയുന്നില്ല.. കൊലക്കളമായി പാരീസ് : ആവര്‍ത്തിച്ചത് മുംബൈ മോഡല്‍

പാരീസ് ആക്രമണം 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ തനിയാവര്‍ത്തനമെന്നു വിലയിരുത്തല്‍. ലോകത്തെ പ്രമുഖ സുരക്ഷാ വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത് ഈ സാധ്യതയിലേക്കാണ്.
ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളില്‍ ഒന്നോ രണ്ടോ ചാവേറുകള്‍ ഒട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുന്നു. കൊല്ലപ്പെടുന്നതിനോ പിടിക്കപ്പെടുന്നതിനോ മുമ്പ് പരമാവധി നാശം വിതയ്ക്കുക എന്ന ലളിതമായ തന്ത്രമാണ് ഭീകര്‍ ഇതിലൂടെ പയറ്റുന്നത്. താരമ്യേന കുറഞ്ഞ ചെലവില്‍ പദ്ധതി നടപ്പാക്കാമെന്നതും മുംബൈ മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഭീകരത സംബന്ധിച്ച പാശ്ചാത്യരാജ്യങ്ങളുടെ നയങ്ങളെ മാറ്റി മറിക്കാന്‍ പോന്ന യുദ്ധതന്ത്രമാണ് കഴിഞ്ഞ ദിവസം പാരീസില്‍ പ്രയോഗിക്കപ്പെട്ടതെന്നു ന്യൂയോര്‍ക്ക് പോലീസ് ഇന്റലിജന്‍സ് മേധാവി ജോണ്‍ മില്ലര്‍ വിലയിരുത്തുന്നു.
കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗത്തില്‍ പരമാവധി നാശനഷ്ടമെന്ന മുംബൈ ആക്രമണത്തിന്റെ തനിപ്പകര്‍പ്പാണ് പാരീസില്‍ അരങ്ങേറിയതെന്നു മില്ലര്‍ അഭിപ്രായപ്പെട്ടു. യൂറോപ്പിലുട നീളം മുംബൈ മോഡല്‍ ആക്രമണങ്ങള്‍ നടത്താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അല്‍ ക്വയിദാ തലവന്‍ ഒസാമാ ബിന്‍ ലാദന്‍ ആഹ്വാനം ചെയ്‌തെന്നു ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ദേശീയ സുരക്ഷാ വിഭാഗം മേധാവി ബ്രൂസ് ഹോഫ്മാന്‍ അനുസ്മരിച്ചു. മുംബൈ ആക്രമണം മുതല്‍ പാശ്ചാത്യ ലോകം ഭയന്നിരുന്നതാണ് പാരീസില്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് അമേരിക്കന്‍ വ്യോമസേനയുടെ മുന്‍ മേധാവി മൈക്കിള്‍ ഹൈഡന്‍ അഭിപ്രായപ്പെട്ടു.
മുംബൈയില്‍ സംഭവിച്ചതിന്റെ തനിപ്പകര്‍പ്പാണ് പാരീസിലുമുണ്ടായത്.
പാക് ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുടെ നേതൃത്വത്തില്‍ മുംബൈല്‍ നടന്ന ഭീകരാക്രമണം ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ സംഘടനകള്‍ പഠനവിധേയമാക്കിയിരുന്നു. തുര്‍ക്കിയിലെ അനത്തോളിയയില്‍ ഇന്ന് ആരംഭക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കുമേലും പാരീസ് ആക്രമണം കരിനിഴല്‍ പരത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലാന്‍ഡേ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചകോടിയില്‍ ഭീകര ഭീഷണിക്കെതിരേ പ്രതികരണമുണ്ടാകുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് അറിയിച്ചു. പ്രധാനന്ത്രി നരേന്ദ്ര മോഡിയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ലോകരാജ്യങ്ങള്‍ ഫ്രാന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെങ്കിലും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് അവര്‍ മോചിതരായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha