റഫയിൽ അഭയാർഥികളുടെ തമ്പിന് നേരെ ഇസ്രായേൽ ബോംബാക്രമണം, 11 പേർ കൊല്ലപ്പെട്ടു, അന്താരാഷ്ട്ര സമ്മർദങ്ങളെ പിൻന്തള്ളി ആക്രമണം തുടർന്ന് ഇസ്രായേൽ
ഗാസയിലെ റഫയിൽ അഭയാർഥികൾ താമസിച്ച തമ്പിന് നേരെ ഇസ്രായേൽ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇതിൽ കൂടുതലും കുട്ടികളാണെന്ന് റിപ്പോർട്ടുണ്ട്. ഇവരടക്കം 90 പേരാണ് 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവർ 30,410 ആയി. 71,700 പേർക്ക് പരിക്കേറ്റു. ദൈർ അൽ ബലാഹ്, ഖാൻ യൂനുസ് എന്നിവിടങ്ങളിലും ബോംബാക്രമണം നടത്തി.ദൈർ അൽ ബലാഹിൽ മാനുഷികസഹായം വിതരണംചെയ്യുന്ന വാഹനത്തിനുമേലും ബോംബിട്ടു. ഈ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുവൈത്തി സന്നദ്ധ സംഘടന കൊടുത്തയച്ച സാധനങ്ങളായിരുന്നു വാഹനത്തിൽ. അന്താരാഷ്ട്ര സമ്മർദങ്ങളെ പിൻന്തള്ളി ആക്രമണം തുടരുകയാണ് ഇസ്രായേൽ ചെയ്യുന്നത്. കഴിഞ്ഞ ദിവസം സഹായ ട്രക്കുകള്‍ കാത്തിരുന്ന ജനങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 118 പേര്‍ കൊല്ലപ്പെടുകയും 760 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബോംബാക്രമണം. അതിനിടെ, അമേരിക്ക ഇന്നലെയും ഗസ്സയില്‍ ഭക്ഷ്യവസ്തുക്കള്‍ വ്യോമാര്‍ഗം എത്തിച്ചു.
ഇസ്രായേൽ ആക്രമണത്തിന് നിരുപാധിക പിന്തുണ നല്‍കുന്നത് രാജ്യത്തിനകത്തും പുറത്തും കനത്ത പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് യു.എസിന്റെ എയര്‍ ഡ്രോപ്പിങ്. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ സഹായം ഉറപ്പാക്കണമെന്ന ലോക രാജ്യങ്ങളുടെ സമ്മര്‍ദം ഇസ്രായേല്‍ തള്ളി.ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ ആയിരങ്ങൾ ഒത്തുകൂടി.
ഫലസ്തീനെ സ്വതന്ത്രമാക്കുക, വംശഹത്യ അവസാനിപ്പിക്കുക എന്നിങ്ങനെ എഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം.‘ഈ വംശഹത്യയിൽ എനിക്ക് പങ്കില്ല’ എന്നു പറഞ്ഞ് കഴിഞ്ഞയാഴ്ച യു.എസ് സൈനികൻ ആരോൺ ബുഷ്നെൽ സ്വയം തീകൊളുത്തി മരിച്ച സ്ഥലത്താണ് പ്രതിഷേധസംഗമം അരങ്ങേറിയത്.ആരോൺ ബുഷ്നെല്ലിന്റെ ചിത്രവുമേന്തിയായിരുന്നു പ്രകടനം.
കഴിഞ്ഞ ഞായറാഴ്ച വാഷിംഗ്ടൺ ഡി.സിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ 25 കാരനായ ആരോൺ ബുഷ്‌നെലാണ് സ്വയം തീകൊളുത്തിയത്. മിലിട്ടറി യൂണിഫോമിലെത്തി ആരോൺ സോഷ്യൽ മീഡിയയിൽ ജീവനൊടുക്കുന്നത് ലൈവായി പുറത്ത് വിടുകയും ചെയ്തു. ശരീരമാസകലം തീ ആളിപ്പടരുമ്പോഴും ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് അരോൺ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ഫലസ്തീൻ ജനതക്ക് നേരെ തുടരുന്ന വംശഹത്യയ്‌ക്കെതിരെ വലിയ പ്രതിഷേധത്തിനിറങ്ങുകയാണെന്ന’ സന്ദേശം ബുഷ്‌നെൽ ജീവനൊടുക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് അയച്ചതായി റിപ്പോർട്ടുണ്ട്. ഞയറാഴ്ച്ച ഉച്ചക്ക് 12.58 ഓടെയാണ് ഇസ്രായേൽ ക്രൂരത ഉറക്കെ വിളിച്ചുപറഞ്ഞും ഫലസ്തീനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ആരോൺ തീകൊളുത്തിയത്. യുഎസ് സീക്രട്ട് സർവീസ് അംഗങ്ങൾ തീ അണച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുന്ന അമേരിക്കക്കെതിരെ രാജ്യത്തിനകത്ത് നിന്ന് തന്നെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha