പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം ഇറാനെ തള്ളിവിടുന്നത് അപ്രതീക്ഷിത തിരഞ്ഞെടുപ്പിലേയ്ക്ക്:- പിന്‍ഗാമി ആര്..?
നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇറാന്‍ എന്ന രാജ്യത്തിന് മേല്‍ ഇടിത്തീ പോലെയാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം പതിക്കുന്നത്. അസര്‍ബൈജാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന വര്‍സാഖാന്‍ പര്‍വത മേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടം ഇറാനെ തള്ളിവിടുന്നത് വലിയ ആഭ്യന്തര പ്രതിസന്ധിയിലേക്കും അപ്രതീക്ഷിത തിരഞ്ഞെടുപ്പിലേക്കുമാണ്. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇറാനിയന്‍ സായുധ സേന കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
അപകടത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും അപകടത്തിന് മുമ്പ് ഹെലികോപ്ടര്‍ നിര്‍ദ്ദിഷ്ടപാതയില്‍ തന്നെയാണ് സഞ്ചരിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഹെലികോപ്റ്ററര്‍ അപകടത്തില്‍പ്പെടുന്നതിന് മിനുട്ടുകള്‍ക്കുമുമ്പ് വാച്ച് ടവറും ഫ്‌ലൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തില്‍ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. പര്‍വതത്തില്‍ ഇടിച്ച ശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം വിശദ വിവരങ്ങള്‍ നല്‍കുമെന്നും സായുധ സേന മേധാവി പറഞ്ഞു.
പര്‍വതപ്രദേശത്ത് ഇടിച്ചുകയറുന്നതിന് മുന്‍പ് ഹെലികോപ്റ്റര്‍ നിര്‍ദ്ദിഷ്ട പാത റൂട്ട് പിന്തുടരുകയായിരുന്നുവെന്നും യാത്രവേളയില്‍ യാതൊരു വ്യതിയാനവും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഹെലികോപ്റ്ററിന് തീപിടിച്ചു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകളുടെ ദ്വാരങ്ങളുടെയോ സമാനമായ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ഇസ്രയേലുമായി സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനെയടക്കം അപകടത്തിന് പിന്നില്‍ സംശയിച്ചിരുന്നു. ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. പ്രസിഡന്റിനെ കൂടാതെ, ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി അയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
മേയ് 19ന് അസര്‍ബൈജാന്‍- ഇറാന്‍ അതിര്‍ത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച അമേരിക്കന്‍ നിര്‍മിത ബെല്‍ 212 ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഹെലികോപ്റ്റർ ആക്രമിക്കപ്പെട്ടതായി സൂചിപ്പിക്കുന്ന സൂചനകളൊന്നും ഇറാൻ സൈന്യത്തിൻ്റെ ക്രാഷ് ഇൻവെസ്റ്റിഗേറ്റർമാർ കണ്ടെത്തിയിട്ടില്ല. ഇറാൻ്റെ പുണ്യനഗരമായ മഷാദിൽ വ്യാഴാഴ്ചയാണ് റായ്‌സിയുടെ സംസ്‌കാരം നടത്തിയത്. ഹെലികോപ്റ്റര്‍ അപകടം ഇറാനെ തള്ളിവിടുന്നത് വലിയ ആഭ്യന്തര പ്രതിസന്ധിയിലേക്കും അപ്രതീക്ഷിത തിരഞ്ഞെടുപ്പിലേക്കുമാണ്.
ഇറാന്‍ ഭരണഘടന പ്രകാരം ചുമതലയിലിരിക്കുന്ന പ്രസിഡന്റ് മരിക്കുകയോ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്താല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പകരക്കാരനായി ഇബ്രാഹിം റെയ്സി ഉയര്‍ന്നുവരുമെന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു. ഇതിന് കൂടിയാണ് ഹെലികോപ്റ്റര്‍ അപകടം വിരാമമിടുന്നത്. ഇറാന് മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യവും ബാക്കിയാകുന്നു. ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റുമാരിൽ ഒന്നാമനായ മുഹമ്മദ് മോഖബർ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത്.
ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളുമായി സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും തെരുവിലുളള സാഹചര്യത്തിൽ ഇറാനിൽ ഇനിയൊരു തിരഞ്ഞെടുപ്പ് എന്നത് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ മാർച്ച് ഒന്നാം തീയ്യതിയാണ് ഇറാനിൽ അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേറ്റത്.
ഇബ്രാഹിം റെയ്സിയുടെ മരണം ഇറാന്റെ പരമോന്നത നേതാവിന്റെ പിന്‍ഗാമി ആരെന്ന ചര്‍ച്ച കൂടിയാണ് സജീവമാക്കുന്നത്. അയത്തൊള്ള അലി ഖമേനിക്ക് ശേഷം പരമോന്നത നേതാവാകുമെന്നു കരുത്തപ്പെട്ടിരുന്നത് ഇബ്രാഹിം റെയ്‌സി ആയിരുന്നു. എന്നാല്‍ റെയ്‌സിയുടെ മരണത്തോടെ അയത്തൊള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതോടെ മറ്റുപല ഇസ്ലാമിക രാജ്യങ്ങളെ പോലെ പാരമ്പര്യമായി കൈമാറപ്പെടുന്ന ഭരണസംവിധാനത്തിലേക്ക് ഇസ്ലാമിക റിപ്പബ്ലിക്ക് ഓഫ് ഇറാനും മാറുന്നതായി കണക്കാക്കാം.
കൊല്ലപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുള്‍ അഹിയാന്റെ പിൻഗാമിയായ അലി ബഘേരിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലകളിലേക്ക് വരേണ്ടത് എന്നാൽ ഇസ്രയേലുമായുള്ള തർക്കങ്ങൾക്കിടയിൽ വീണ്ടുമുയർന്നു വന്ന ആണവായുധ ചർച്ചകൾ ബഘേരി തണുപ്പിച്ചുകളയുമെന്ന ആശങ്ക അവിടെയുള്ള തീവ്ര നിലപാടുള്ള വിഭാഗത്തിനുണ്ട്. ആണവായുധത്തിന്റെ കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി സന്ധി ചെയ്യാൻ ശ്രമിക്കുന്ന നേതാവാണ് ഹൊസൈൻ അമീർ അബ്ദുള്‍ അഹിയാൻ എന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ, അതുതന്നെയാകും അദ്ദേഹത്തിന്റെ പിൻഗാമിയുടെയും നയമെന്ന് സ്വാഭാവികമായും കരുതും. അതുകൊണ്ട് അദ്ദേഹത്തെ വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളുണ്ട്.
https://www.facebook.com/Malayalivartha