ഇസ്രായേലിലെ യഹൂദര്‍ക്ക് ഇക്കൊല്ലം പെസഹാ ആചരണം ഉണ്ടാകുമോ എന്നു പോലും വ്യക്തമല്ല... ക്രിസ്ത്യാനികളും ഇസ്ലാം വിശ്വാസികളും വലിയ നോയമ്പ് അനുഷ്ഠിച്ചു കൊണ്ടിരിക്കെ ഇസ്രായേല്‍ ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി തുടങ്ങി..

ഇസ്രായേലിലെ യഹൂദര്‍ക്ക് ഇക്കൊല്ലം പെസഹാ ആചരണം ഉണ്ടാകുമോ എന്നു പോലും വ്യക്തമല്ല. ക്രിസ്ത്യാനികളും ഇസ്ലാം വിശ്വാസികളും വലിയ നോയമ്പ് അനുഷ്ഠിച്ചുകൊണ്ടിരിക്കെ ഇസ്രായേല്‍ ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി തുടങ്ങി. ഹമാസിനെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇസ്രായേല്‍ കടുത്ത യുദ്ധം അഴിച്ചുവിട്ടിരിക്കുന്നത്.ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തില്‍ ഗാസയില്‍ മുന്നൂറിലേറെ പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മരണസംഖ്യ അഞ്ഞൂറിലേറെ വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റംസാന്‍ മാസം ഗാസയിലെ ജനങ്ങള്‍ വ്രതം തുടങ്ങും മുന്‍പ് ഭക്ഷണം കഴിയ്ക്കാന്‍ ഉണര്‍ന്ന നേരത്തായിരുന്നു ആകാശത്തു നിന്ന് ബോംബ് വര്‍ഷം. ജനവാസ മേഖലകളെ ഉന്നമിട്ട് 20 ഇസ്രയേലി യുദ്ധ വിമാനങ്ങള്‍ പറന്നെത്തി ആക്രമണം നടത്തുകയായിരുന്നു.ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും ഹമാസ് നേതാവുമായ മഹ്മൂദ് അബു വഫായും ഇന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ജനുവരി 19ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇസ്രയേലിന്റെ നടപടി. എന്നാല്‍ വെടിനിറുത്തല്‍ ധാരണകള്‍ക്ക് വിധേയപ്പെടാതെ ഹമാസ് തീവ്രവാദികള്‍ വീണ്ടും യുദ്ധസാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നുവെന്നുംപെസഹാ ആചരണവേളയില്‍ വീണ്ടും മിന്നല്‍ ആക്രമണത്തിന് നീക്കം നടത്തുന്നുവെന്നുമാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.
ജനുവരി 19ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനു ശേഷം ഗാസയില്‍ സംഭവിച്ച ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ രാത്രിയിലേത്. രാത്രി ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യഗാസയിലെ നാലു കേന്ദ്രങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നത്. വിവിധയിടങ്ങളില്‍ അഭയാര്‍ഥികളായി കഴിഞ്ഞ ശേഷം കഴിഞ്ഞ മാസങ്ങളില്‍ മടങ്ങിവന്നവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെപ്പേരും. ജനുവരിയില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയനുസരിച്ച് മൂന്ന് ഘട്ടങ്ങളായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നായിരുന്നു കരാര്‍.
അതേസമയം വെടിനിര്‍ത്തല്‍ നീട്ടാനുള്ള യുഎസ് നിര്‍ദേശം ഹമാസ് നിരസിച്ചതിനെത്തുടര്‍ന്നാണ് ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം പുനരാരംഭിച്ചതെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറയുന്നത്. പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായാണ് ജനുവരിയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ, ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ വിപുലമായ ആക്രമണം നടത്തുകയായിരുന്നു. ഇന്നലത്തെ ആക്രമണത്തില്‍ 150 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറയുന്നു.
ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ തീരുമാനപ്രകാരം ഗാസ മുനമ്പിലെ ഹമാസ് ഭീകര കേന്ദ്രങ്ങളില്‍ നിലവില്‍ വിപുലമായ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം സാമൂഹിക മാധ്യമമായ എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഗാസയ്ക്ക് സമീപമുള്ള എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാനും ഇസ്രായേല്‍ ഉത്തരവിട്ടു.ഹമാസ് തട്ടിയെടുത്ത ബന്ദികളില്‍ ശേഷിക്കുന്നവരെ മോചിപ്പിക്കാന്‍ ഹമാസ് തയാറാകുന്നില്ല. ഇവരില്‍ ഏറെപ്പേരെയും ഹമാസ് തീവ്രവാദികള്‍ പീഢിപ്പിച്ചുകൊല ചെയ്തതായാണ് ഇസ്രായേല്‍ കരുതുന്നത്.
അതേസമയം ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് ആരോപിക്കുന്നു. എന്നാല്‍ മുഴുവന്‍ ബന്ദികളെയും ഒരാഴ്ചയ്ക്കുള്ളില്‍ മോചിപ്പിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.ഗാസയില്‍ ഇന്നലെ രാത്രി ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ വിവരം അറിയിച്ചിരുന്നുവെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല യുദ്ധം നടത്താനുള്ള എല്ലാവിധ സാഹായങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
ഗാസയിലെ ആക്രമണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തോടും വൈറ്റ് ഹൗസിനോടും ഇസ്രായേല്‍ ഭരണകൂടം കൂടിയാലോചിച്ചുവെന്നാണ് വിവരം. ഹമാസും ഹൂതികളും ഉള്‍പ്പെടെ ഇസ്രായേലിനെ മാത്രമല്ല, അമേരിക്കന്‍ ഐക്യനാടുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന എല്ലാവരും വലിയ വില നല്‍കേണ്ടിവരുമെന്ന് ലീവിറ്റ് അഭിമുഖത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.പശ്ചിമേഷ്യയിലെ എല്ലാ തീവ്രവാദികളും ഇറാന്റെ പിന്തുണയുള്ള ഭീകര സംഘടനകളും ഇറാനും അത് ഗൗരവമായി കാണണമെന്നും ട്രംപ് കൂട്ടിചേര്‍ത്തു.
ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഗാസയിലേക്കുള്ള ട്രക്കുകള്‍ തടയപ്പെട്ടിരിക്കുകയാണ് . ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ ഇന്ധന വിതരണവും തടഞ്ഞിട്ടുണ്ട്.ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha