കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...

സ്വതന്ത്ര പലസ്തീന്‍ അനുവദിക്കില്ലെന്നും അവസാനത്തെ ഹമാസ തീവ്രവാദിയെയും കൊന്നൊടുക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അന്ത്യശാസനം നല്‍കിയിരിക്കുന്നു. ഗാസ മുനമ്പിന്റെ 86 ശതമാനവും ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഇവിടെയുണ്ടായിരുന്ന ഏറെ പലസ്തീനികളും കൊല്ലപ്പെടുകയോ നാടുവിടുകയോ ചെയ്തു. വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനുമായുള്ള ചര്‍ച്ചകള്‍ ലക്ഷ്യത്തിലെത്താതിരിക്കെ ഗാസയില്‍ ഇസ്രായേല്‍ പോരാട്ടം ശക്തമാക്കി.
കുടിവെള്ളത്തിനായി കാത്തുനിന്ന കുഞ്ഞുങ്ങളെ കൊന്നുതള്ളി ഇസ്രായേല്‍ പകപോക്കല്‍ തുടരുകയാണ്. മധ്യ ഗാസയിലെ അഭയാര്‍ഥി ക്യാമ്പിനു സമീപം കുടിവെള്ള ടാങ്കറിനുമുന്നില്‍ വരിനിന്ന ആറ് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പത്തു പേര്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മധ്യ ഗാസയിലും ഗാസ മുനമ്പിലുമായി നടന്ന വിവിധ ആക്രമണങ്ങളില്‍ ഞായറാഴ്ച 59 പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച 110 പേര്‍ കൊല്ലപ്പെട്ടതില്‍ 34 പേര്‍ വിവിധ സഹായങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നവരായിരുന്നു.
ആക്രമണം ശക്തമാക്കിയും കൂടുതല്‍ സൈനികരെ മേഖലയില്‍ വിന്യസിച്ചും പ്രദേശവാസികളെ നിര്‍ബന്ധമായി കുടിയൊഴിപ്പിച്ചും ഗാസ പൂര്‍ണ നിയന്ത്രണത്തിലാക്കാനാണ് ഇസ്രയേല്‍ നീക്കം. 2023 ഒക്ടോബര്‍ ഏഴിനുശേഷം അന്‍പത്തെണ്ണായിരം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഒന്നര ലക്ഷത്തോളം പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വെടിനിര്‍ത്തല്‍ കാരറിനായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുളള കരാറിലേയ്ക്ക് ഇരു രാജ്യങ്ങളും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല. മാത്രവുമല്ല ഇസ്രായേല്‍ യുദ്ധം ശക്തമാക്കുകയും ചെയ്തിരിക്കുന്നു.
യുദ്ധാനന്തര ഗാസ ഭരിക്കാന്‍ ഹമാസ് തീവ്രവാദികള്‍ക്ക് സാധിക്കില്ലെന്നും അവരുടെ ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണമെന്നും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രസ്താവിച്ചതും മറ്റൊരു വഴിത്തിരിവായി. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന് പരിക്കേറ്റിരുന്നതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു. മസൂദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജൂണ്‍ 16ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് നേരിയ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണത്തില്‍ പെസഷ്‌കിയാന്റെ കാലിന് ചെറിയ പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രസിഡന്റിനെ കൂടാതെ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറി തലവന്‍ മൊഹ്സേനി എജെയ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.ജൂണ്‍ 13 മുതല്‍ 12 ദിവസം നീണ്ട സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് പെസഷ്‌കിയാനും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബെയ്റൂട്ടില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലുള്ള ആക്രമണമാണ് പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയത്. ഇസ്രായേല്‍ ബോംബുരള്‍ കെട്ടിടത്തിലെ കവാടം തകര്‍ത്തതിനാല്‍ അകത്തേയ്ക്കും പുറത്തേയ്ക്കും പോകാനാത്ത സാഹചര്യമായിരുന്നു. വായുപ്രവാഹം തടഞ്ഞ് വിഷപ്പുക നിറച്ച് പ്രസിഡന്റിനെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ പദ്ധതി. എന്നാല്‍ ഒരു രഹസ്യ പാതയുണ്ടായിരുന്നതിനാല്‍ പ്രഡിഡന്റിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇസ്രയേലിന് ഒരു ചാരന്റെ സഹായം ലഭിച്ചതായാണ് ഇറാന്റെ വിലയിരുത്തല്‍.
അടിയന്തര വെടിനിര്‍ത്തല്‍, ഇരുവശത്തുമുള്ള തടവുകാരെ മോചിപ്പിക്കല്‍, അറബ്, അന്താരാഷ്ട്ര പിന്തുണയോടെ പലസ്തീന്‍ അതോറിറ്റിക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഇസ്രയേലിന്റെ പൂര്‍ണ്ണമായ പിന്‍വാങ്ങല്‍ എന്നിവയാണ് അബ്ബാസ് ആവശ്യപ്പെടുന്നത്. ഹമാസിന്റെ കടുത്ത വിമര്‍ശകനാണ് അബ്ബാസ്. ഹമാസിനെ നായകളുടെ സന്തതികള്‍ എന്നാണ് അബ്ബാസ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വിശേഷിപ്പിച്ചത്. ഐഎക്യരാഷ്ട്ര സഭയുടെ ഭാഗമായ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നാണ് അബ്ബാസ് വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. അതിന് തടസം ഹമാസാണെന്ന് അബ്ബാസ് പറയുന്നു.
ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിനായി ഇസ്രയേലും ഹമാസും ഖത്തറില്‍ നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് മധ്യത്തില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം ശക്തമാക്കിയശേഷം ഏഴേകാല്‍ ലക്ഷം പേര്‍ കുടിയിറക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. കഴിഞ്ഞ ആറ് ആഴ്ചക്കുള്ളില്‍ 800 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്ന് യുഎന്‍ ഏജന്‍സികള്‍ പറയുന്നു.
https://www.facebook.com/Malayalivartha