ദിലീപ് വിഷയത്തിൽ മലയാളനാട് കടന്നും പ്രതിഷേധം ;"അമ്മ'യ്ക്കെതിരേ കന്നഡ സിനിമാ സംഘടനകളുടെ തുറന്ന കത്ത്

ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരേ കന്നഡ സിനിമാ സംഘടനകളുടെ തുറന്ന കത്ത്. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാളിറ്റി എന്നീ സംഘടനകള്‍ സംയുക്തമായി അയച്ചിരിക്കുന്ന കത്തില്‍ 50 സിനിമാപ്രവര്‍ത്തകര്‍ ഒപ്പുവച്ചിട്ടുണ്ട്. നടന് പ്രകാശ് രാജ്, കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, മേഘ്ന രാജ്, ശ്രുതി ഹരിഹരന്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്, സംഘടനയില്‍നിന്നു രാജിവച്ച നടിമാര്‍ക്കും വനിതാ അഭിനേതാക്കളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനും പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. നടന് പൃഥ്വിരാജ്, പി.ബാലചന്ദ്രന് എന്നിവര്‍ നടിമാര്‍ക്കു തുറന്ന പിന്തുണ അറിയിച്ചു.
അമ്മയുടെ നിലപാടുകള്‍ തള്ളി നടീനടന്മാരും സംവിധായകരും എഴുത്തുകാരും അടങ്ങുന്ന സംഘവും രംഗത്തെത്തി. ഇക്കാര്യമറിയിച്ച് നടന്മാരായ വിനായകന്, അലന്‍സിയര്‍, സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അന്‍വര്‍ റഷീദ്, ദിലീഷ് പോത്തന്, അമല്‍ നീരദ്, സമീര്‍ താഹിര്‍, കമല്‍, ഷൈജു ഖാലിദ്, വേണു, ഡോ. ബിജു, സുദേവന് എന്നവര്‍ ഉള്‍പ്പെടെ 100 പേര് ഒപ്പിട്ട കത്ത് അമ്മയ്ക്കു കൈമാറി.
അമ്മയില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിനെതിരെ നടിമാരായ പാര്‍വതി, പത്മപ്രിയ എന്നിവരും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. "അമ്മ'യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ വിദേശത്താണെന്ന കാരണത്താല്‍ നോമിനേഷനില്നിന്ന് ഒഴിവാക്കിയെന്നുമാണ് പാര്‍വതിയും പത്മപ്രിയയും ആരോപിച്ചത്. ദിലീപിന്റെ തിരിച്ചെടുക്കല്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























