പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളാണ് ഈ പരീക്ഷാ റദ്ദാക്കലിലൂടെ തകര്‍ന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷാ രീതി ഗ്രാമിണ മേഖലയിലുള്ളവര്‍ക്കും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നവര്‍ക്കും തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഡോക്ടര്‍ എന്ന സ്വപ്നത്തിന് നീറ്റ് തടസമാണ്. അതിനാല്‍ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. നീറ്റിനെതിരെയുള്ള ദീര്‍ഘകാല പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് മൂന്നിന് നടന്ന പരീക്ഷയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 1.4 ലക്ഷം പേരുള്‍പ്പടെ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രം പരീക്ഷ റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha























