ശബരിമല വിഷയത്തിൽ ആവേശം വേണ്ടെന്ന് ദേവസ്വം മന്ത്രിക്ക് പാർട്ടിയുടെ താക്കീത്

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കൂടുതൽ വിവാദ പ്രസ്താവനകൾ പാടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സി പി എമ്മിന്റെ കർശന നിർദ്ദേശം. ദേവസ്വം ബോർഡ് ഹൈക്കോടതി യിൽ സ്വീകരിച്ച നിലപാട് പാർട്ടിയുടെ അറിവോടെയാണെന്നും അതിനെ കുറിച്ച് വിവാദം വേണ്ടെന്നും സി പി എം സംസ്ഥാന നേത്യത്വം മന്ത്രിക്ക് നിർദ്ദേശം നൽകിയതായി അറിയുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി ആവർത്തിക്കുന്നു. മാറിയ കാലത്തിനൊത്ത് ചിന്തിക്കണം എന്നാണ് മന്ത്രി പറഞ്ഞത്. വെള്ളിയാഴ്ചയും തന്റെ നിലപാട് മന്ത്രി ആവർത്തിച്ചു. അതാണ് പാർട്ടിയിൽ വിരുദധാഭിപ്രായങ്ങൾക്ക് കാരണമായത്.
ഇത്തരം പ്രസ്താവനകൾ ബി ജെ പി യെ സഹായിക്കുന്നതാണെന്നാണ് സി പി എമ്മിന്റെ കണ്ടെത്തൽ. കോൺഗ്രസും സിപിഎമ്മും ചേർന്ന് കേരളത്തിൽ ബിജെപിക്ക് സാധ്യതയുണ്ടാക്കി കൊടുക്കുന്ന തിരക്കിലാണ്. കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവനയാണ് ഹിന്ദുക്കൾക്ക് എതിരായത്. ഹിന്ദു പാകിസ്ഥാൻ എന്ന പ്രസ്താവന ഹിന്ദുക്കളെ കോൺഗ്രസിൽ നിന്നും അകറ്റുന്നതാണെന്ന് കോൺഗ്രസിന് മനസിലായി. അതുകൊണ്ടാണ് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം തരൂരിനെ സഹായിക്കാനെത്താത്തത്.
സി പി എം ചെങ്ങന്നൂർ തെരഞ്ഞടുപ്പോടെയാണ് ഹിന്ദുക്കളിൽ നിന്ന് അകന്നത്. ചെങ്ങന്നൂരിൽ സി പി എം ക്രിസ്ത്യൻ വർഗീയത കാണിച്ചുവെന്നാണ് റിപ്പോർട്ട്. അത് ഒരു പരിധി വരെ സത്യമാണ്. ചെങ്ങന്നൂരിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ ഹിന്ദുക്കൾക്കെതിരായി സി പി എം നിലപാടെടുത്തത്.
ദേവസ്വം ബോർഡിൽ ഇരിക്കുന്നത് ഇടത് ബോർഡാണ്. ശബരിമല വിഷയം ഉണ്ടായപ്പോൾ തന്നെ ബോർഡ് ചെയർമാൻ പത്മകുമാർ തിരുവനന്തപുരത്തെത്തി കോടിയേരി ബാലകൃഷ്ണനെ കണ്ടു. ശബരിമലയിൽ സ്ത്രീ പ്രവേശം പാടില്ലെന്ന നിലപാടാണ് ബോർഡ് നേരത്തെ സ്വീകരിച്ചത്. അതിൽ തോന്നുന്ന മട്ടിൽ മാറ്റം വരുത്താനാവില്ല. അതിന്റെ പേരിൽ വിവാദം വേണ്ടെന്നും തീരുമാനിച്ചിരുന്നു.
എന്നാൽ ഇതൊന്നുമറിയാതെ മന്ത്രി ബോർഡിനെ വിമർശിച്ചു. ബോർഡിന്റെ നിലപാട് ശരിയല്ലെന്നാണ് മന്ത്രി പറഞ്ഞത്. ബോർഡ് നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിൽ ബോർഡിന് അമർഷമുണ്ട്. അവർ പാർട്ടിയെ സമീപിച്ചുവെന്നാണ് വിവരം. സർക്കാർ നിലപാട് സുപ്രീംക്കോടതിയെ അറിയിച്ച സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങൾ വേണ്ടെന്നാണ് തീരുമാനം.
സുപ്രീം കോടതി തീരുമാനം ഉടൻ വരും. അതിന്റെ ക്രെഡിറ്റ് എടുക്കാനുള്ള അവസരമാണ് കടകംപള്ളിക്ക് ഇല്ലാതായത്. ദേവസ്വം മന്ത്രിയുടെ പ്രസ്താവനകളിൽ ചില മുതിർന്ന സി പി എം നേതാക്കൾക്കും അമർഷമുണ്ട്. പാർലെമെന്റ് തെരഞ്ഞടുപ്പ് പടിവാതുക്കലെത്തുമ്പോൾ ജനങ്ങളെ പിണക്കുന്നത് എന്തിനാണെന്നാണ് ചോദ്യം.
https://www.facebook.com/Malayalivartha

























