മദ്യലഹരിയില്‍ ബൈക്ക് മറിഞ്ഞ് ഓടയില്‍ വീണ യുവാവിനെ കണ്ടില്ലെന്ന് നടിച്ച് നാട്ടുകാർ; മലവെള്ളപ്പാച്ചിലില്‍ നിറഞ്ഞൊഴുകിയ ഓടയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് യുവാവ് മരണത്തിന് കീഴടങ്ങി

തിരുവല്ലയിൽ മദ്യലഹരിയില്‍ ബൈക്ക് മറിഞ്ഞ് ഓടയില്‍ വീണ യുവാവിന് ദാരുണാന്ത്യം . തുകലശേരി വാര്യത്ത് താഴ്ചയില്‍ മോഹനചന്ദ്രന്റെ മകന്‍ ജ്യോതിഷ് മോഹനാണ് മരിച്ചത്. മരിക്കുന്നതിന് തൊട്ട് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ ബൈക്ക് മറിഞ്ഞ് ഓടയില്‍ വീണ ജ്യോതിഷ് മലവെള്ളപ്പാച്ചിലില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. നേരത്തെ ഇയാളുടെ വീട്ടുകാര്‍ മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
കനത്തമഴയെ തുടര്‍ന്നുണ്ടായശക്തമായ മഴവെള്ളപ്പാച്ചിലില്‍ മൃതദേഹം ഓടയ്ക്കുള്ളിലൂടെ 300 മീറ്ററോളം ഒഴുകിപ്പോയി. രണ്ടു ദിവസത്തിന് ശേഷം പുറത്തേക്ക് തള്ളി നിന്ന കാല്‍ കണ്ടാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം തെളിവായി ലഭിച്ചത് സിസിടിവി ദൃശ്യങ്ങളായിരുന്നു.
യുവാവ് ബുള്ളറ്റില്‍ വരുന്നതും നില തെറ്റി ഓടയിലേക്ക് തെറിച്ചു വീഴുന്നതും സമീപത്തെ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിന് നിരവധി പേര്‍ ദൃക്‌സാക്ഷികളുമായിരുന്നു. യുവാവ് വീഴുന്നത് കണ്ടു നില്‍ക്കുകയാണ് അവര്‍ ചെയ്തത്. അതിന് ശേഷം മിണ്ടാതെ പോയി. പിന്നാലെ വന്ന ചിലര്‍ ബുള്ളറ്റ് മറിഞ്ഞു കിടക്കുന്നത് കണ്ടു. ഇവരാണ് വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ശേഷം ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അതില്‍ വന്നയാളെ കുറിച്ച് അന്വേഷിക്കാനൊന്നും അവര്‍ മെനക്കെട്ടില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പാലിയേക്കര റോഡ് തുടങ്ങുന്ന ഭാഗത്താണ് ബൈക്ക് മറിഞ്ഞു കിടന്നിരുന്നത്. രണ്ടു ദിവസത്തിന് ശേഷം മാര്‍ക്കറ്റ് ജങ്ഷനിലെ ഒരു ഹോട്ടലുടമയും മകനും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് മറിഞ്ഞു കിടന്നുവെന്നും അതില്‍ വന്നയാളെ കാണാനില്ലെന്നുമുള്ള വാര്‍ത്ത കേട്ട് ഹോട്ടലുടമയുടെ മകനായ ഏഴാം ക്ലാസുകാരന്‍ മേല്‍മൂടിയുടെ വിടവിലൂടെ ഓടയ്ക്കുള്ളില്‍ പരിശോധന നടത്തി. ഇങ്ങനെ നടന്നു നോക്കി വന്നപ്പോഴാണ് മാര്‍ക്കറ്റ് ജങ്ഷന് സമീപം വച്ച് ഒരു കാല്‍മാത്രം കാണാനായത്. വിവരം പോലീസില്‍ അറിയിച്ചു. അതിന് മുമ്ബ്് നാട്ടുകാര്‍ ചേര്‍ന്ന് സ്ലാബ് പൊക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
ഞായറാഴ്ച രാത്രി മുതല്‍ ജ്യോതിഷിനെ കാണാനില്ലെന്ന് തിങ്കളാഴ്ച വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഞായറാഴ്ച ജ്യോതിഷിന്റെ സഹോദരന് വൈദ്യുതാഘാതമേറ്റിരുന്നു. ഇയാളുമായി ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോയിരിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന വിഷ്ണു എന്ന സുഹൃത്തിനെ വീട്ടിലാക്കാനെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയത്.
ഓട പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ധരിച്ചിരുന്ന മഴക്കോട്ടും ഹെല്‍മറ്റും വാച്ചും യഥാസ്ഥാനത്തുണ്ടായിരുന്നു. അപകടത്തില്‍പ്പട്ട ബൈക്കിന്റെ താക്കോലും യുവാവിന്റെ മൊബൈലും ഒഴുകിപ്പോവുകയും ചെയ്തു.
https://www.facebook.com/Malayalivartha

























