പഠനത്തിനും ജീവിതച്ചെലവിനുമായി മീന്‍ വില്‍ക്കാനിറങ്ങിയ ഹനാനെ അപമാനിച്ച മുസ്ലിംലീഗ് അനുഭാവിയായ നൂറുദ്ദീന്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കും

പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ മീന്‍ വില്‍ക്കാനിറങ്ങിയ ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം.
വൈകിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഡി.ജി.പി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഹനാനെ അപമാനിച്ച എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വയനാട് സ്വദേശിയായ നൂറുദ്ദീന്‍ ഷെയ്ഖ് എന്ന യുവാവാണ് ആദ്യം അപമാനം തുടങ്ങിയത്. കൊച്ചിയില്‍ താമസിക്കുന്ന ഇയാള്‍ ഫെയിസ്ബുക്ക് ലൈവില്‍ പലതവണ വന്നാണ് അപമാനിച്ചത്.
സിനിമയില്‍ അഭിനയിക്കാനുള്ള പ്രചരണത്തിന്റെ ഭാഗമായാണ് ഹനാന്‍ മീന്‍ വില്‍പ്പനയ്ക്ക് ഇറങ്ങിയതെന്ന് നൂറുദ്ദീന്‍ കള്ളപ്രചരണം നടത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ വയറലാവുകയായിരുന്നു. ഇതോടെ ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം കൂടി. തുടര്‍ന്ന് ഹനാനും കോളജ് അധികൃതരും പ്രതിരോധവുമായി എത്തി. ഇന്ന് വി.എസും മുഖ്യമന്ത്രി പിണറായിയും ഹനാന് പിന്തുണയുമായി എത്തി. കേസുടുക്കാന്‍ നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയാണ്. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല , ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് അധികൃതരെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സൗജന്യപഠനം നടത്താന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha

























