എല്ലാം പ്ലാന്‍ഡ്... പഠനത്തിന് വേണ്ടി പണം കണ്ടെത്തുന്നതിനായി മീന്‍ വിറ്റ തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

പഠനത്തിന് വേണ്ടി പണം കണ്ടെത്തുന്നതിനായി മീന്‍ വിറ്റ തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ നൂറുദ്ദീന്‍ ഷെയ്ക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. ഇയാളാണ് പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങിവച്ചത്.
ഇയാളെ അസി.കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പൊലീസ് ആക്ട് 120 (ഒ) വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, ഒരു ക്യാമറാമാന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് നൂറുദ്ദീന്‍ ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടു. പെണ്‍കുട്ടിയുടെ കഥകള്‍ കേട്ട് അവളെ സഹായിക്കാനാണ് താന്‍ അവിടെ എത്തിയത്. എന്നാല്‍ ഈ ക്യാമറാമാന്‍ അവരുടെ സ്ഥാപനത്തിന്റെ റേറ്റിംഗിന് വേണ്ടി തന്നെ ഉപയോഗിക്കുകയായിരുന്നു. താന്‍ കുട്ടിയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരുടെയും മനസിലുള്ള സംശയമാണ് താന്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. ഈ വീഡിയോ ഷെയര്‍ ചെയ്ത എല്ലാവരും കുറ്റക്കാരാണ്. തന്നെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും നൂറുദ്ദീന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
https://www.facebook.com/Malayalivartha

























