114 ബസുകളുടെ പരീക്ഷണ പറക്കലില്‍ ആറു ദിവസം കൊണ്ട് നേടിയത് 24 ലക്ഷം; കെഎസ്ആര്‍ടിസിയുടെ ചില്‍ ബസ് പരീക്ഷണം വിജയമായതോടെ തച്ചങ്കരിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി; യൂണിയനുകളുടെ സമ്മര്‍ദത്തില്‍ തച്ചങ്കരിയെ മാറ്റാന്‍ തുറന്നടിച്ച ആനത്തലവട്ടം ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിലയിരുത്തല്‍ പാളുന്നു

തച്ചങ്കരിയ്‌ക്കെതിരെയുള്ള യൂണിയന്‍ നേതാക്കളുടെ കടന്നാക്രമണം തുടരുന്നു. അതേസമയം തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ വിജയം കണ്ടതോടെ അവരും പ്രതിരോധത്തിലാകുന്നു. എസി ബസുകളുപയോഗിച്ചുള്ള തച്ചങ്കരി മോഡല്‍ വന്‍ ജയം. കെഎസ്ആര്‍ടിസിയുടെ ചില്‍ ബസ് പരീക്ഷണയോട്ടത്തില്‍ വലിയ പ്രതീക്ഷയാണ് കെ എസ് ആര്‍ ടി സിക്ക് കൈവരുന്നത്. എറണാകുളം തിരുവനന്തപുരം സര്‍വീസ് ആറു ദിവസം കൊണ്ടു നേടിയതു 24 ലക്ഷം രൂപ. ഏകദേശം നാലു ലക്ഷം രൂപയാണു പ്രതിദിന കലക്ഷന്‍. 14 എസി ലോഫ്‌ളോര്‍ ബസുകള്‍ ഉപയോഗിച്ചുള്ള 20 ഷെഡ്യൂളുകളാണു കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്. ഓഗസ്റ്റ് ഒന്നിനു ചില്‍ ബസ് മറ്റു റൂട്ടുകളില്‍ കൂടി വരുന്നതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നുവെന്നു സിഎംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.
ചില്‍ ബസ് എന്ന കാറ്റഗറിയില്‍ കേരളമൊട്ടാകെ 219 ബസുകള്‍ ഓടിക്കാനാണ് പദ്ധതി. പരീക്ഷണ സര്‍വ്വീസുകളുടെ കണക്ക് നോക്കുമ്പോള്‍ എല്ലാ സര്‍വ്വീസും വിജയമായാല്‍ അത് കെ എസ് ആര്‍ ടി സിക്ക് പുത്തനുണര്‍വ്വ് നല്‍കും. ശാസ്ത്രീയമായി സര്‍വ്വീസുകള്‍ ക്രമീകരിച്ചാകും ഇത് നടപ്പാക്കുക. അതുകൊണ്ട് തന്നെ ആളില്ലാതെ ബസ് ഓടുന്ന സ്ഥിതി ഇല്ലാതാക്കും. ഓണക്കാലത്ത് കേരളത്തില്‍ സുഖയാത്രയ്ക്കും എ സി ബസുകള്‍ വഴിയൊരുക്കും. ഓണക്കാലം കെ എസ് ആര്‍ ടി സിയുടെ സുവര്‍ണ്ണകാലമാക്കാനാണ് തച്ചങ്കരിയുടെ ലക്ഷ്യം. ഇതരസംസ്ഥാന സര്‍വ്വീസുകളിലൂടേയും ചില്‍ ബസുകളിലൂടേയും പരമാവധി ലാഭമുണ്ടാക്കാനാണ് ശ്രമിക്കും.
ചില്‍ ബസുകളില്‍ കൂടുതല്‍ സൗകര്യങ്ങളും ഒരുക്കും. ഹെഡ് റെസ്റ്റ് ഇല്ലാത്ത ബസുകളില്‍ അവ വൈകാതെ ലഭ്യമാക്കും. സീറ്റുകളുടെ എണ്ണം കൂട്ടാനും നിലവിലുള്ള സീറ്റുകള്‍ കുഷ്യന്‍ സീറ്റുകളാക്കാനും തീരുമാനിച്ചിട്ടുണ്ട്. രാവിലെ അഞ്ചിനും എട്ടിനുമിടയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഏഴു ബസുകള്‍ വീതമാണ് എറണാകുളം, തിരുവനന്തപുരം ഡിപ്പോകളില്‍ നിന്നു സര്‍വീസ് നടത്തുന്നത്. കോഴിക്കോട്, എറണാകുളം സര്‍വീസുകളില്‍ നിന്ന് 50 ലക്ഷം രൂപയുടെ പ്രതിവാര കലക്ഷനാണു ലക്ഷ്യമിടുന്നത്. ഇതോടെ സ്വകാര്യ എസി ബസുകളുടെ ഈ റൂട്ടുകളിലെ കുത്തകയും തകര്‍ക്കും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം എറണാകുളം ചില്‍ ബസില്‍ രാവിലെയുള്ള ചില ഷെഡ്യൂളുകളില്‍ 35,000 രൂപ വരെ കലക്ഷനുണ്ട്. 24,000 രൂപയാണ് ഈ റൂട്ടിലെ ശരാശരി കലക്ഷന്‍. ഇത് വലിയ നേട്ടമാണ്.
തിരക്കേറിയ സമയങ്ങളില്‍ തിരുവനന്തപുരം എറണാകുളം സെക്ടറില്‍ അരമണിക്കൂര്‍ ഇടവിട്ടുള്ള സര്‍വീസും പരിഗണനയിലുണ്ടെന്നു സിഎംഡി പറഞ്ഞു. പകല്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ രണ്ടു മണിക്കൂര്‍ ഇടവിട്ടുമാണു നിലവിലെ പദ്ധതി. ചില്‍ ബസിന്റെ വരവോടെ ദീര്‍ഘദൂര സര്‍വീസുകളില്‍ എറണാകുളത്തു നിന്നു സീറ്റ് കിട്ടാത്ത പ്രശ്‌നത്തിനു പരിഹാരമായി. ഓരോ മണിക്കൂറിലും കോഴിക്കോട് സര്‍വീസ് കൂടി വന്നതോടെ എറണാകുളത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കു ഫ്‌ളൈ ബസിനു പുറമേ അധിക സര്‍വീസുകളായി. ഏതു സമയത്തും മലബാറിലേക്കും കൊച്ചി നഗരത്തിലേക്കും വിമാനത്താവളത്തില്‍ നിന്നു ബസ് കിട്ടും.
വിമാനത്താവളത്തില്‍ ബസ് നിര്‍ത്തുന്ന സ്ഥലത്തേക്കു ട്രോളിയില്‍ ലഗേജുമായി എത്താന്‍ ബുദ്ധിമുട്ടുണ്ട്. ഇതിനു പരിഹാരമായി രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകള്‍ക്കു മുന്‍പില്‍ നിന്നു ബസില്‍ കയറാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ബസുകളുടെ സമയക്രമം വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കേരളത്തിന്റെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ദേശീയ പാതിയിലൂടെ എം.സി. റോഡിലൂടെയും ഒരുമണിക്കൂര്‍ ഇടവേളകളില്‍ ശീതീകരിച്ച ആധുനിക ബസുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ചില്‍ ബസ്. അതായത് തിരുവനന്തപുരത്ത് നിന്ന് ഓരോ അര മണിക്കൂര്‍ ഇടവിട്ട് എറണാകുളത്തേക്ക് എന്‍ എച്ചിലൂടേയും എംസി റോഡിലൂടേയും എസി ബസ്. സാമാന രീതിയില്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും.
ഈ ബസില്‍ യാത്ര ചെയ്ത് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നവര്‍ക്ക് വടക്കോട്ട് യാത്ര തുടരാന്‍ അവിടെ നിന്നും എല്ലാ അര മണിക്കൂറിലേക്കും കോഴിക്കോട്ടേക്ക് ബസ് സര്‍വ്വീസ്. കോഴിക്കോട് നിന്ന് കാസര്‍ഗോട്ടേയ്ക്കും പാലക്കാട്ടേക്കും എസി യാത്ര. അങ്ങനെ കേരളത്തിന്റെ ബസ് റൂട്ടിനെ മൂന്ന് മേഖലകളായി തിരിച്ച് എല്ലാ ഭാഗത്തേയ്ക്കും എല്ലായ്‌പ്പോഴും എസി ബസ്. അതാണ് ചില്‍ ബസ് സര്‍വ്വീസുകള്‍. കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തേക്ക് എസി സര്‍വ്വീസുകള്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തുപരത്തേക്ക് എണ്ണൂറു മുതല്‍ 1500 രൂപ വരെ ഇവര്‍ ഈടാക്കുന്നു. രാത്രി കാലങ്ങളിലും സ്വകാര്യ ബസുകളാണ് നേട്ടമുണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ സജീവമാക്കി കെ എസ് ആര്‍ ടി സിയുടെ വരുമാനം കുത്തനെ ഉയര്‍ത്താനുള്ള തച്ചങ്കരിയുടെ പദ്ധതി.
ഇതിനായി പുതുതായി ബസുകളൊന്നും വാങ്ങുന്നില്ല. കെ എസ് ആര്‍ ടി സിക്ക് ഇപ്പോള്‍ തന്നെ 250 ഓളം എസി ബസുകളുണ്ട്. തോന്നും പടി തോന്നുന്ന റൂട്ടില്‍ ഓടുകയാണ് ഇവയെല്ലാം. ഇത് ശാസ്ത്രീയമായി ക്രമീകരിച്ചും ഗാരേജില്‍ കിടക്കുന്ന എസി ബസുകള്‍ നന്നാക്കിയെടുത്തുമാണ് ചില്‍ പദ്ധതിയുടെ മുന്നോട്ട് പോക്ക്. അതുകൊണ്ട് തന്നെ അധിക ചെലവൊന്നും ഈ പദ്ധതിയിലൂടെ വരുന്നതുമില്ല.
https://www.facebook.com/Malayalivartha

























