മുഖസാദൃശ്യം വിനയായി... നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചു; വെള്ളറട എസ്‌ഐയ്ക്കും സിഐയ്ക്കുമെതിരെ എസ്പിയുടെ റിപ്പോര്‍ട്ട്

ഏഴ് മാസം മുന്‍പ് വെള്ളറടയിലെ രണ്ട് കടകളില്‍ നടന്ന മോഷണക്കേസിലാണ് വെള്ളറട കുന്നത്തുകാല്‍ സ്വദേശിയായ റെജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യത്തിലുള്ള ഒരാള്‍ക്ക് റെജിനുമായി സാദൃശ്യമുണ്ടെന്ന പേരിലാണ് അറസ്റ്റ് ചെയ്ത് 21 ദിവസം ജയിലിലടച്ചത്.
എന്നാല്‍ ഈ നടപടിയെ പാടെ തള്ളുന്നതാണ് എസ്പിയുടെ റിപ്പോര്‍ട്ട്. കൂടാതെ നിരപരാധിയെ കുടുക്കിയോയെന്ന് അറിയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വെള്ളറട എസ്‌ഐയും സിഐയും ചേര്‍ന്ന് അഞ്ച് ദിവസം കസ്റ്റഡിയിലിട്ട് മര്‍ദിച്ചെന്നും റെജിന്‍ പരാതിപ്പെട്ടിരുന്നു. ഇതിന് തെളിവില്ലെന്നാണ് എസ്പിയുടെ റിപ്പോര്‍ട്ട്. പൊലീസ് കള്ളനാക്കിയതോടെ ജോലി വരെ നഷ്ടമായ റെജിന്‍ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള പോരാട്ടത്തിലാണ്.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് റെജിനെതിരെയുള്ള ആന്വേഷണത്തില്‍ പോലീസുകാരെ കുടുക്കിയത്. മുഖസാദൃശ്യത്തിനപ്പുറം മറ്റ് സംശയാതീതമായ തെളിവുകളൊന്നുമില്ല. രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ മോഷണത്തില്‍ റെജിനെ മാത്രം അറസ്റ്റ് ചെയ്ത് കുറ്റപത്രം കൊടുത്തത് സംശയമുളവാക്കുന്നു. മോഷ്ടാക്കളെത്തിയത് പള്‍സര്‍ ബൈക്കിലാണങ്കില്‍ റെജിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തത് മറ്റൊരു ബൈക്കാണ്. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെജിനെതിരെയുള്ള കേസിന്റെ വിചാരണ കോടതി അനുമതിയോടെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha

























