ഷട്ടറുകള്‍ തുറക്കാന്‍ അനുമതി കാത്ത് ഡാമിന് മുകളില്‍ ഈ മനുഷ്യൻ... ആകാശച്ചിത്രങ്ങളും പ്രദേശത്തിന്റെ ഘടനയും ശാസ്ത്രീയമായി അപഗ്രഥിച്ച് ഷട്ടറുകളിലേക്കും സ്വിച്ച് ബോര്‍ഡിലേക്കും കണ്ണുകള്‍ പരതി അലോഷ്യസ് പോള്‍

അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് നല്‍കി. ഇതിനിടയിൽ ശക്തമായ മഴ തുടരുകയാണ്. ഇനിയുള്ള മഴയുടെ അടിസ്ഥാനത്തിലായിരിക്കും റെഡ് അലര്‍ട്ട് നല്‍കുക. എന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി കിട്ടേണ്ട താമസം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അലോഷ്യസ് പോള്‍ ആ നിമിഷം ബട്ടണ് അമര്‍ത്തും. അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അലോഷ്യസ് പോള്‍ രാവും പകലും ഇന്ത്യയിലെതന്നെ അതിപ്രധാനമായ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കു മുകളിലൂടെ സഞ്ചരിച്ച് ഓരോ നിമിഷവും ജലനിരപ്പ് നിരീക്ഷിക്കുകയാണ്.
1992 മുതല്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനിയറായ ഏറ്റുമാനൂര്‍ കാണക്കാരി ചേരാടിയില്‍ അലോഷ്യസ് പോളിനാണ് ഇടുക്കി പദ്ധതിയിലെ ചെറുതോണിയുടെ മേല്‍നോട്ട ചുമതല. 1972ല്‍ തുംഗഭദ്ര സ്റ്റീല്‍ കമ്ബനി നിര്‍മിച്ചു നല്‍കിയ 40 അടി ഉയരമുള്ള അഞ്ച് ഉരുക്കു ഷട്ടറുകളും ഉരുക്കുകൊണ്ടുള്ള വടവും ഗ്രീസ് പൂശി ഏതു നിമിഷവും ഉയര്‍ത്താവുന്ന രീതിയില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നു.
അണക്കെട്ടിനു മുകളിലെ ഷട്ടര്‍ ഹൗസിലാണ് അഞ്ചു ഷട്ടറുകളുടെയും സ്വിച്ച്. വൈദ്യുതി വകുപ്പിന്റെയും ഇടുക്കി കളക്ടറുടെയും അനുമതിയുണ്ടായാല്‍ സ്വിച്ച് അമര്‍ത്തി മൂന്നാമത്തെ ഷട്ടര്‍ ഒരു സെന്റിമീറ്റര്‍ ഉയര്‍ത്തും. നടുവശത്തെ സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ കുതിച്ചുപായും. മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടോ മൂന്നോ സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. അതേസമയം, താഴ്വാരങ്ങളില്‍ ചെറുതോണി പുഴയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുരക്ഷിതമായ പാതയിലാണോ എന്ന് ഉറപ്പുവരുത്തും.
ചെറുതോണി അണക്കെട്ടിനു താഴെ ചെറുതോണി കവലയിലെ പാലവും ബസ് സ്റ്റാന്‍ഡും മുങ്ങാതെ മൂന്നു കിലോമീറ്റര്‍ ഒഴുകി വെള്ളക്കയത്തുള്ള പെരിയാറ്റില്‍ അണക്കെട്ടിലെ വെള്ളം എത്തിച്ചേരുന്നതുവരെ അലോഷ്യസിന് ആകാംക്ഷയുടെ നിമിഷങ്ങളാണ്. ആകാശച്ചിത്രങ്ങളും പ്രദേശത്തിന്റെ ഘടനയും ശാസ്ത്രീയമായി അപഗ്രഥിച്ച് ഷട്ടറുകളിലേക്കും സ്വിച്ച് ബോര്‍ഡിലേക്കും കണ്ണുകള്‍ പരതി അലോഷ്യസ് അണക്കെട്ടിനു മുകളില്‍ കാത്തുനില്‍ക്കുന്നു.
ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഉത്തരവാദപ്പെട്ട നിമിഷങ്ങളാണ് എത്തിയിരിക്കുന്നതെന്ന് അലോഷ്യസ് പറയുന്നു. ഇക്കാലമത്രയും ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഇടക്കിടെ ഗ്രീസ് പൂശുകയും വേനലില്‍ ജലനിരപ്പ് താഴുമ്ബോള്‍ ഉയര്‍ത്തി വയ്ക്കുകയും ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























