സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 22 ഡാമുകള്‍ തുറന്നു; ഇതുവരെ 20 മരണം; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

മഴക്കെടുതിയില്‍ സംസ്ഥാന അതീവ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 22 ഡാമുകള്‍ ഇതിനകം തുറന്നുകഴിഞ്ഞു. 12.30 ഓടെ ചെറുതോണി ഡാം ട്രയല്‍ റണ്ണിനായി തുറക്കും. ഇതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരും. ഈ സാഹചര്യത്തില്‍ പുന്നമടക്കായലില്‍ ശനിയാഴ്ച നടക്കേണ്ടിയിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യമറിയച്ചത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ മാത്രം 20 പേര്‍ മരണമടഞ്ഞു. ഇടുക്കി 11, മലപ്പുറം ആറ്, കോഴിക്കോട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെ. ചെറുതോണി അടക്കമുള്ള ഷട്ടറുകള്‍ തുറക്കും. ട്രയല്‍ റണ്‍ കാണാന്‍ ആളുകള്‍ അപകടകരമായ സാഹചര്യത്തിലേക്ക് പോകരുതെന്നും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ക്ക് ജില്ലകളില്‍ പ്രത്യേക ചുമതല നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങും. ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായ സംഭാവന നല്‍കണമെന്നും മുഖ്യമന്ത്രി.
കനത്ത മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടിയും വീടുകള്‍ തകര്‍ന്നുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20 പേര്‍ മരിച്ചത്. പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി, മലപ്പുറം ജില്ലകളില്‍ രണ്ടു കുടുംബങ്ങളിലെ പത്തു പേര്‍ മരിച്ചു. വയനാട്ടിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി. പെരിയാര്‍വാലിയില്‍ രണ്ടുപേരെ കാണാനില്ല.
ഇടുക്കി ജില്ലയില്‍ അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ചു പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ (65), മകന്‍ മുജീബ് (40), ഭാര്യ ഷെമീന (36), മക്കള്‍ നിയ (നാല്), ജിയ ഫാത്തിമ (ആറ്) എന്നിവരാണ് മരിച്ചത്.
ഇടുക്കി ജില്ലയില്‍ത്തന്നെ കമ്പിളികണ്ടം കുരിശുകുത്തി പന്തപ്പിള്ളില്‍ മാണിയുടെ ഭാര്യ തങ്ക (47), അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയില്‍ ഉറുമ്പനയ്ക്കല്‍ മോഹനന്‍ (54), ശോഭന (50) എന്നിവരും മരിച്ചു. മുജീബിന്റെ പിതാവ് ഹസന്‍കുട്ടി, ബന്ധു കൊല്ലം സ്വദേശി സൈനുദ്ദീന്‍ എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തങ്കയുടെ ഭര്‍ത്താവ് മാണി, മകന്‍ ഷൈന്‍ എന്നിവരെയും രക്ഷപ്പെടുത്തി. അതേസമയം, ഇടുക്കിയില്‍ രണ്ടുപേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha
























