മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പൊരുതവേ നാടിനെ നടുക്കി കൊട്ടിയത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി. ബസും ട്രക്കും കൂട്ടിയിടിച്ച് 2 മരണം; നിരവധിപ്പേര്‍ക്ക് പരിക്കേറ്റു; അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

കെ.എസ്.ആര്‍ടി.സി ഡ്രൈവര്‍ അസീസ്, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷുമാണ് മരിച്ചത്. ലോറിയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 6.50 നായിരുന്നു അപകടമുണ്ടായത്.
മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടിസി ഡീലക്‌സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയിലേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും സൂപ്രണ്ടുമാര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha
























