അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും ശിക്ഷ വിധിച്ച് കോടതി

തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവും പിഴയും കൂടാതെ ഇരുവര്‍ക്കും 16.4 മില്യണ്‍ പാകിസ്ഥാന്‍ രൂപ (52,39,524 ഇന്ത്യന്‍ രൂപ) പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. ഇമ്രാന്‍ ഖാന്റെ പ്രായവും ബുഷ്‌റ ബീബിയ്ക്ക് സ്ത്രീയാണെന്ന പരിഗണനയും നല്‍കിയാണ് 'ലഘുവായ' ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.
ഇമ്രാന്‍ ഖാന്‍ നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ്. അതീവ സുരക്ഷാ ജയിലിലാണ് വിചാരണ നടന്നത്. ജഡ്ജി ഷാരൂഖ് അര്‍ജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്. 2021 മേയ് മാസത്തില്‍ സൗദി കിരീടാവകാശി ഔദ്യോഗിക സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന് നല്‍കിയ ഔദ്യോഗിക സമ്മാനങ്ങളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
വിലപിടിപ്പുള്ള ബള്‍ഗാരി ഡയമണ്ട് ജുവലറി സെറ്റാണ് സമ്മാനമായി ലഭിച്ചത്. ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സര്‍ക്കാര്‍ ഖജനാവായ തോഷാഖാനയിലേക്ക് നല്‍കണമെന്നതാണ് നിയമം. അഥവാ അത്തരം സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തോഷാഖാനയില്‍ നല്‍കണം. എന്നാല്‍ ഇമ്രാനും ഭാര്യയും വില കുറച്ചുകാണിച്ച്, ചെറിയ തുക നല്‍കി ബള്‍ഗാരി ഡയമണ്ട് സ്വന്തമാക്കിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























