മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ മയ്മന്‍സിങ് പട്ടണത്തില്‍ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം ഒരു ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായതായി ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് അറിയിച്ചു. ബംഗ്ലാദേശില്‍ വര്‍ഗീയതയുടെ ഭീകരമുഖം വെളിവാക്കിയ ഈ സംഭവം രാജ്യത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.
മയ്മന്‍സിങ്ങിലെ ഒരു ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസ് എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിനിരയായ ശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ബംഗ്ലദേശില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഈ ദാരുണമായ സംഭവം. രാജ്യത്തെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനം.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനഭ്രഷ്ടിനും പലായനത്തിനും വഴിവെച്ച വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പ്രധാന നേതാവായിരുന്ന ഷറീഫ് ഉസ്മാന്‍ ഹാദിയുടെ (32) മരണത്തെത്തുടര്‍ന്നാണ് ബംഗ്ലദേശില്‍ സംഘര്‍ഷം വ്യാപിച്ചത്. ഒരാഴ്ച മുന്‍പ് തലയ്ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് ഹാദി മരണപ്പെട്ടത്. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാരും കലാപകാരികളും അഴിഞ്ഞാടി.
https://www.facebook.com/Malayalivartha
























