ഇടുക്കിയെ കശക്കിയെറിഞ്ഞ പ്രളയം... ഇടുക്കിയിലെ ദുരന്തത്തിന്റെ കണക്കുപോലും പുറത്തുവന്നിട്ടില്ല... ഭയാനകമാണ് അവസ്ഥകള്‍

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മുല്ലപ്പെരിയാര്‍, ചെറുതോണി അണക്കെട്ടുകളില്‍നിന്നുള്ള വെള്ളപ്പാച്ചിലും... ഇടുക്കി അനുഭവിക്കുന്നത് ഇന്നുവരെയും കണ്ടിട്ടില്ലാത്ത ദുരിതം. കഴിഞ്ഞ പത്തുദിവസത്തിനിടെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 42 പേരാണു മരിച്ചത്. 13 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍. ഭൂരിപക്ഷം പ്രദേശങ്ങളും ഒറ്റപ്പെട്ടു.
ഇടുക്കി ഉപ്പുതോട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേരെ കാണാതാകുകയും ചെയ്തതാണ് ഏറ്റവും പുതിയ സംഭവം. ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലുപേരാണ് അപകടത്തില്‍പ്പെട്ടത്. ഉപ്പുതോട് അയ്യപ്പന്‍കുന്നേല്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ രാജമ്മ, മകന്‍ വിശാല്‍, സുഹൃത്ത് ടിന്റു മാത്യു എന്നിവരെ കണ്ടുകിട്ടിയിട്ടില്ല. ഒരു മലയാകെ ഇടിഞ്ഞുവീഴുകയായിരുന്നു.
ഇടുക്കിയില്‍ ഇന്നലെ ഏഴിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കട്ടപ്പനയില്‍ ഉരുള്‍പൊട്ടി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ തകര്‍ന്നു. തൊമ്മന്‍കുത്തില്‍ ഉരുള്‍പൊട്ടി നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മലയിഞ്ചി, പന്നിയാര്‍കുട്ടി, വണ്ണപ്പുറം എന്നിവിടങ്ങളിലെ ഉരള്‍പൊട്ടലില്‍ ആളപായമുണ്ടായില്ലെങ്കിലും കൃഷിനാശം വ്യാപകമാണ്.
ചെറുതോണിയില്‍ അണക്കെട്ട് തുറന്നുവിട്ടതിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മൂന്നുനിലക്കെട്ടിടമടക്കം 15 കെട്ടിടങ്ങള്‍ തകര്‍ന്നു. അഞ്ചു കടകള്‍ നാശത്തിന്റെ വക്കിലാണ്. ഏറെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ അടിമാലിയും തളര്‍ന്നുകിടക്കുന്നു. കൊച്ചിധനുഷ്‌കോടി ദേശീയപാതയടക്കം തകര്‍ന്നു. 
ജില്ലയിലെ ഭൂരിപക്ഷം റോഡുകളും പാലങ്ങളും തകര്‍ന്നു. പല റോഡുകളും വിണ്ടുകീറി ഗതാഗതയോഗ്യമല്ലാതായി. വെള്ളമിറങ്ങിയതോടെ കെ ചപ്പാത്തിലെ പാലത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ജില്ലാ ആസ്ഥാന മേഖലയായ ചെറുതോണി ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുന്നു.
തൊടുപുഴചെറുതോണി റോഡിലും അടിമാലി റോഡിലും പലയിടത്തും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അഞ്ചുദിവസമായി മലയോരത്തെ ഗ്രാമീണ മേഖലകളിലടക്കം വൈദ്യുതി ബന്ധവും തകരാറിലാണ്. മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും തകരാറില്‍. ജില്ലയില്‍ 174 ക്യാമ്പുകളിലായി ആയിരങ്ങളാണ് കഴിയുന്നത്. 36 വില്ലേജുകള്‍ പ്രളയബാധിതമാണ്. ജില്ലയിലെ തോട്ടം മേഖലകളിലടക്കമുള്ള കാര്‍ഷിക മേഖലയില്‍ 3,616 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 4,231 ഹെക്ടറിലാണ് ദുരിതം ബാധിച്ചിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. മലയോര മേഖലയില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നുണ്ടായ കണക്കിന്റെ വ്യാപ്തി കണക്കാക്കണമെങ്കില്‍ മഴ കഴിയണം.
https://www.facebook.com/Malayalivartha

























