കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരും പോലീസും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്. നെട്ടയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലെ അതിരുവിട്ട പെരുമാറ്റത്തിന് ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി. നാളെ മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.നെട്ടയം സംഘര്‍ഷത്തിന്റെ പേരില്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ജനപ്രതിനിധികള്‍ക്കെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു.
ഡെപ്യൂട്ടി മേയര്‍ ആശാ നാഥ്, കൗണ്‍സിലര്‍മാരായ സുമി ബാലു, യമുന എന്നിവര്‍ക്കാണ് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. മുന്‍ ഡിജിപി കൂടിയായ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ അഞ്ചാം പ്രതിയായ കേസില്‍ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍.നാളെ മൊഴി നല്‍കാന്‍ ഹാജരാകാനാണ് ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും മറ്റുള്ളവര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കേസിലെ ഒന്നാം പ്രതി സുമി ബാലുവാണ്. ബിജെപി നേതാക്കളുടെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പോലീസിനെ പരസ്യമായി അധിക്ഷേപിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്.
പോലീസിനോടുള്ള ജനപ്രതിനിധികളുടെ മോശം പെരുമാറ്റം റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. കേസിലെ അഞ്ചാം പ്രതിയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വീട്ടില്‍ നോട്ടീസ് നല്‍കാന്‍ പോലീസ് എത്തിയെങ്കിലും അവര്‍ സ്ഥലത്തില്ലാത്തതിനാല്‍ മടങ്ങേണ്ടി വന്നു. ശ്രീലേഖ നിലവില്‍ ടൂറിലാണെന്നാണ് വിവരം. മാര്‍ച്ചിലുടനീളം പോലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്രീലേഖ പ്രതികരിച്ചത്. 'പോടാ പുല്ലേ പൊലീസേ' എന്ന് ശ്രീലേഖ പരസ്യമായി വിളിച്ചത് വലിയ വിവാദമായിരുന്നു.സേനയുടെ തലപ്പത്തിരുന്ന വ്യക്തിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായതിനെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധം പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് കേസില്‍ ആറാം പ്രതിയാണ്. നഗരഭരണത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെ നിയമലംഘനത്തിന് നേതൃത്വം നല്‍കിയതിനെതിരെ രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചകള്‍ സജീവമാണ്.തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന തലസ്ഥാന നഗരത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ഈ പോലീസ് നീക്കം രാഷ്ട്രീയമായി നേരിടാനാണ് പാര്‍ട്ടി തീരുമാനം.
സര്‍ക്കാരിന്റെ പകപോക്കലാണ് നടപടിക്ക് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ്.
https://www.facebook.com/Malayalivartha

























