ജർമനിക്ക് പോയ മന്ത്രിക്കെതിരെ നടപടി ; കേരളം പ്രളയ കെടുതിയിൽ അകപെട്ട സമയം ജർമൻ യാത്ര നടത്തിയ വന മന്ത്രി കെ. രാജുവിനെതിരെ സിപിഐ നടപടിക്ക് ഒരുങ്ങുന്നു

കേരളം പ്രളയ കെടുതിയിൽ അകപെട്ടതിനിടയിൽ ജർമൻ യാത്ര നടത്തിയ വന മന്ത്രി കെ. രാജുവിനെതിരെ സിപിഐ നടപടിക്ക് ഒരുങ്ങുന്നു. സമാനതകളില്ലാതെ കേരളം ദുരിതത്തിൽ അകപെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള വനമന്ത്രി ജർമൻ യാത്ര നടത്തിയത് ഏറെ വിവാദമായിരുന്നു.
മുഖ്യമന്ത്രിയും സിപിഐ നേതൃത്വവും ആവശ്യപ്പെട്ടതനുസരിച്ചു ജർമൻ നഗരമായ ബോണിൽനിന്നു മന്ത്രി തിരിച്ചു പുറപ്പെട്ടിട്ടുണ്ട്. അതേസമയം നാടുമുഴുവൻ പ്രളയ കെടുതിയിലും അതിന്റെ രക്ഷാപ്രവർത്തനത്തിലും മുഴുകുമ്പോൾ അതിനു നേതൃത്വം കൊടുക്കേണ്ട മന്ത്രി വിദേശത്ത് പോയത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത കാര്യമായാണു പാർട്ടി കാണുന്നത്. ലോക മലയാളി കൗൺസിൽ സമ്മേളനത്തിന് പങ്കെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ പതിനാറാം തീയതിയാണ് രാജു ജർമനിക്ക് പോയത്. കോട്ടയത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു പാർട്ടിയെ അറിയിക്കാതെ രാജു ജർമനിക്ക് പോയത്. സംഗതി വിവാദമായതോടെ മന്ത്രി തിരിച്ചുവരാൻ ശ്രമിച്ചുവെങ്കിലും ടിക്കറ്റ് ലഭിക്കാത്തതിനാൽ കുടുങ്ങുകയായിരുന്നു.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. ദേശീയ മാധ്യമങ്ങളിലും വാർത്തയായതിനെത്തുടർന്നു ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇന്നു ചേരാനിരുന്ന നിർവാഹകസമിതി യോഗം മാറ്റിവച്ചു. നിലവിൽ നാല്, അഞ്ച്, ആറ് തീയതികളിൽ സംസ്ഥാന നിർവാഹക സമിതിയും കൗൺസിലും ചേരാൻ നിശ്ചയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























