ബ്ലാക് മെയില്‍ അവസാനിച്ചതിങ്ങനെ... ഒരു കോടി ആവശ്യപ്പെട്ട ശേഷം വിലപേശല്‍ നടക്കുന്നതിനിടെ പിടിയിലായത് മറ്റൊരു കേസില്‍

തളിപ്പറമ്പിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. കിടപ്പറ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് പിടിയില്‍. ചപ്പാരപ്പടവിലെ പി.സി.അബ്ദുള്‍ ജലീലിന്റെ (42) പരാതിയിലായില്‍ തളിപ്പറമ്ബ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കെ.പി.ഇര്‍ഷാദ് (20) ചുഴലി പടിഞ്ഞാറെമൂല, ടി.മുസ്തഫ (42) വെള്ളാരംപാറ പൊലീസ് യാര്‍ഡിന് സമീപം താമസം, വി എസ്.അമല്‍ദേവ് (20) ചെങ്ങളായി നെല്ലിക്കുന്ന് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. നാലു പേരുടെ പേരിലാണ് കേസ്. കേസില്‍ മറ്റൊരു പ്രതിയായ കുറുമാത്തൂര്‍ റഹ്മത്ത് വില്ലയിലെ കെ.റുബൈസിനെ (22) വാഹന മോഷണവുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റു ചെയ്തിരുന്നു.
പ്രതികളില്‍ ഇര്‍ഷാദ് ഇരുചക്രവാഹനവുമായി പിടിയിലായതോടെയാണ് ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. റുബൈസാണ് വാഹനം മോഷ്ടിച്ചത്. ഇര്‍ഷാദിനെ ചോദ്യം ചെയ്തപ്പോള്‍ പണം തട്ടിയെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസിനോട് പറയുകയായിരുന്നു.
ചപ്പാരപ്പടവിലെ ജലീലിന്റെ മൊബൈല്‍ കടയില്‍ പ്രതി ഇര്‍ഷാദ് ജോലിചെയ്തിരുന്നു. ഈ ബന്ധമുപയോഗിച്ച് ജലീലിനെ ഇര്‍ഷാദ് ചെമ്പന്തൊട്ടിയിലുള്ള ഒരു വീട്ടിലെത്തിച്ചു. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. കാസര്‍കോടുള്ള ഒരു സ്ത്രീയെയും ചെമ്ബന്തൊട്ടിയിലെ വീട്ടിലെത്തിച്ചിരുന്നു. സ്ത്രീയെയും പരാതിക്കാരനെയും വീട്ടിലാക്കി പ്രതികള്‍ സ്ഥലംവിട്ടു. അവിഹിത ബന്ധത്തിനാണിവരെത്തിയതെന്നു പറയുന്നു.
പിന്നീട് ദിവസങ്ങള്‍ക്കു ശേഷം പ്രതി ഇര്‍ഷാദ് അബ്ദുള്‍ ജലീലിനെ ഭീഷണിപ്പെടത്തി പണം തട്ടാനുള്ള ശ്രമം തുടങ്ങി. കിടപ്പറരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു പ്രശ്‌നമുണ്ടാക്കിയത്. ഭീഷണി തുടക്കത്തില്‍ ജലീല്‍ കാര്യമാക്കിയില്ല. എന്നാല്‍ കിടപ്പുമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് അബ്ദുല്‍ ജലീല്‍ പ്രയാസത്തിലായത്. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ഒരു കോടി രൂപ പ്രതികള്‍ ആവശ്യപ്പെട്ടു. പണം തരാന്‍ നിര്‍വ്വാഹമില്ലെന്നായി ജലീല്‍. വിലപേശല്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ റുബൈസ് വാഹനമോഷണ കേസില്‍ പിടിയിലായി.
തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ പണംതട്ടലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ റുബൈസ് ഏറ്റുപറയുകയായിരുന്നു. മുസ്തഫയാണ് സ്ത്രീകളെ പരിചയപ്പെടുത്തുന്നയാള്‍. അമല്‍ദേവാണ് മുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ചതെന്നും പൊലീസ് പറഞ്ഞു.ഡിവൈ.എസ്പി. കെ.വി.വേണുഗോപാലന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.ബിനോയ് അറസ്റ്റുചെയ്തു. എസ്‌ഐ.മാരായ കെ.ദിനേശന്‍, പ്രശോഭ്, എഎസ്‌ഐ. ജോസ്, സീനിയര്‍ സി.പി.ഒ. മുഹമ്മദ് റൗഫ്, മുഹമ്മദ് ജാബിര്‍, ഡിവൈ.എസ്പി.യുടെ സ്‌ക്വാഡംഗങ്ങളായ സുരേഷ് കക്കറ, കെ.വി.രമേശന്‍, കെ.പ്രിയേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























