തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു

തിരുനെല്‍വേലിയിലേക്കു ഇരുമ്പനത്തു നിന്നും ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിലെ ടാങ്കറിനു മുകളില്‍ തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിനു താഴെ ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ കാക്ക ടാങ്കറിനു മുകളിലെ മൂടിക്കു സമീപം വീണാണ് അപകടമുണ്ടായത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരും യാത്രക്കാരും ലോക്കോപൈലറ്റിനെ വിവരമറിയിച്ചു. അഗ്‌നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം രണ്ടു മണിക്കൂറോളം സ്തംഭിച്ചു. തുടര്‍ന്ന് റെയില്‍വേ സുരക്ഷാ വിഭാഗമെത്തി വാഗണ്‍ പരിശോധിച്ചു. പരിശോധനയില്‍ യാതൊരു കേടുപാടുകളോ ചോര്‍ച്ചയോ മറ്റ് സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. വാഗണിലെ ഇന്ധനം പ്രത്യേകം രൂപകല്‍പന ചെയ്ത സീല്‍ ചെയ്ത സ്റ്റീല്‍ ടാങ്കിനുള്ളിലാണെന്നും തീപ്പൊരിയോ ചെറിയ തീ മൂലമുള്ള യാതൊരുവിധ അപകട സാധ്യതയുമില്ലെന്നും റെയില്‍വേ അറിയിച്ചു. വാഗണിനു മുകളില്‍ വീണ വസ്തുവില്‍ മാത്രമാണ് തീ കത്തിയതെന്നും വാഗണിന് ഉള്ളിലെ ടാങ്കും ഇന്ധനവും പൂര്‍ണമായും സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























