ശബരിമലയിൽ മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിൽ മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. റെക്കോർഡ് വരുമാനമാണ് ഈ സീസണിൽ ലഭിച്ചത്.
12ാം തീയതി വരെയുളള കണക്കു പ്രകാരമാണിത്. കഴിഞ്ഞ വർഷം ഇതേ സമയം 380 കോടിയായിരുന്നു വരുമാനം. അപ്പം അരവണയിൽ നിന്ന് 190 കോടിയും (കഴിഞ്ഞവർഷം 160 കോടി) കാണിക്കയായി 110 കോടിയും (കഴിഞ്ഞ വർഷം 105 കോടി) ലഭിച്ചു. നാണയങ്ങൾ എണ്ണുന്ന ജോലികൾ പുരോഗമിക്കുന്നു. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് 20ന് മുമ്പായി ഇത് പൂർത്തിയാക്കും.
തിങ്കളാഴ്ച്ച വരെ 51 ലക്ഷം തീർഥാടകർ ദർശനത്തിനെത്തിയതായി കെ ജയകുമാർ പറഞ്ഞു. 44 ലക്ഷം മണ്ഡലകാലത്തും ഏഴ് ലക്ഷം തീർഥാടകർ മകരവിളക്ക് ഉത്സവത്തിനും എത്തി. മകരവിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പ്രസിഡന്റ് പറഞ്ഞു.
തീർഥാടകർ സുരക്ഷിതരായി മകരവിളക്ക് ദർശിച്ച് മടങ്ങുകയാണ് പ്രധാന ലക്ഷ്യം. അടുത്ത മണ്ഡല മകരവിളക്ക് സീസണിനുള്ള ഒരുക്കങ്ങൾ ഫെബ്രുവരി മാസം തുടങ്ങും. ഫെബ്രുവരി ആറിന് കഴിഞ്ഞ സീസണിന്റെ അവലോകനവും പുതിയ സീസണിന്റെ മുന്നൊരുക്കവും ആരംഭിക്കും.
വിലപിടിപ്പുള്ള സാധനങ്ങൾ ഡിജിറ്റൽ മാർക്ക് അടക്കം രേഖപ്പെടുത്തി സൂക്ഷിക്കും. കാർബൺ കോപ്പി ഉപയോഗിച്ചുള്ള രസീത് നിർത്തലാക്കും. സംവിധാനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കും. മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങാൻ തീർത്ഥാടകർ തിരക്ക് കൂട്ടുന്ന പ്രവണതയുള്ളതിനാൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ പമ്പയിൽ ഏർപ്പെടുത്തിയിട്ടുണ്ട്..
"https://www.facebook.com/Malayalivartha
























