ആഴമേറിയ പൊഴിക്കരഭാഗത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടിനെ മറ്റൊരു ബോട്ട് ഉപയോഗിച്ച് ഇടിച്ചുതകര്‍ക്കാന്‍ ശ്രമം... വിദേശികളും കുട്ടികളും ഉള്‍പ്പെട്ട സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്

ഞായറാഴ്ച വൈകുന്നേരത്തോടെ പൂവാര്‍ പൊഴിക്കരക്കയത്തിലായിരുന്നു സംഭവം. ആറ്റുപുറം ബോട്ട് ജെട്ടിയില്‍ നിന്ന് സഞ്ചാരികളുമായി പൊഴിക്കരക്കടല്‍ കാണാന്‍ പുറപ്പെട്ട ക്രിസ്തുദാസന്‍ എന്നയാള്‍ ഓടിച്ചിരുന്ന ബോട്ടിന് നേരെയായിരുന്നു ആക്രമണം.
ഈ ബോട്ടിനെ തടയാന്‍ എത്തിയ മറ്റ് രണ്ട് ബോട്ടുകളില്‍ ഒരെണ്ണം സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടിനെ ഇടിക്കുമ്പോള്‍ മറ്റൊരെണ്ണം സിനിമാ സ്‌റ്റൈലില്‍ വട്ടംചുറ്റി യാത്ര തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൂവാര്‍ പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മറിയാന്‍ ആഞ്ഞ ബോട്ടില്‍ നിന്ന് സഞ്ചാരികള്‍ നിലവിളിച്ച് പ്രശ്‌നമുണ്ടാക്കിയതോടെയാണ് അക്രമിസംഘം പിന്‍ വാങ്ങിയത്. ഏറെ അപകടാവസ്ഥയിലായ ബോട്ടിനെ നിയന്ത്രിച്ച ഡ്രൈവര്‍ സാഹസപ്പെട്ടാണ് കരക്കടുപ്പിച്ചത്..
നെയ്യാറിന്‍റെ പതന സ്ഥാനമായ പൊഴിക്കരയില്‍ ഏറ്റവും ആഴമുള്ള ഭാഗത്ത് വച്ച് നടന്ന ആക്രമണം ഏറെ ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ടു ബോട്ടുകളിലെ ഡ്രൈവര്‍മാരായ അഗര്‍വാള്‍, ജ്ഞാനദാസ് എന്നിവരെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് മൂന്ന് ബോട്ടുകളും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha






















