ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം

അവസാനം ഇന്ത്യയുെ വില ട്രംപ് അറിയുന്നു. ഗാസയുടെ പുനർനിർമാണത്തിനും ഭരണത്തിനും മേൽനോട്ടം വഹിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം. ട്രംപ് അധ്യക്ഷനാവുന്ന സമിതിയിൽ നേരത്തേ പാക്കിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങൾക്കാണ് സമാധാന സമിതിയിലേക്ക് ക്ഷണം ലഭിച്ചത്.
പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും നൽകുകയും ചെയ്യുന്നു. ഈജിപ്ത് വഴി ഗാസയിലേക്കു സഹായം അയച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു.
വെടിനിർത്തലിനു ശേഷം ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ഭാഗമായിട്ട് ജനുവരി 15നാണ് സമാധാന സമിതി രൂപീകരിച്ചത്. ഭാവിയിൽ രാജ്യാന്തര സംഘർഷങ്ങൾ പരിഹരിക്കാനുള്ള സംവിധാനമായും സമാധാന സമിതിയെ മാറ്റാൻ ഉദ്ദേശമുണ്ട്.
അതേസമയം ഗാസയിലെ സമാധാന സമിതി അംഗങ്ങളെ തിരഞ്ഞെടുത്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനത്തെ എതിർത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. നിയമനങ്ങൾ ഇസ്രയേലുമായി ആലോചിച്ചല്ല നടത്തിയതെന്നും രാജ്യത്തിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ആരോപണം. ഇക്കാര്യത്തിലുള്ള ആശങ്ക യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിക്കാൻ ഇസ്രയേൽ വിദേശകാര്യ മന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.
‘‘സമാധാന സമിതിക്ക് കീഴിലുള്ള ഗാസ എക്സിക്യൂട്ടീവ് ബോർഡിന്റെ ഘടന സംബന്ധിച്ച പ്രഖ്യാപനം ഇസ്രയേലുമായി സംസാരിച്ചിട്ടല്ല. ഇത് ഞങ്ങളുടെ നയത്തിന് വിരുദ്ധവുമാണ്. ഈ വിഷയത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ബന്ധപ്പെടാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്’’ – ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ, തുർക്കി വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാൻ എന്നിവരടങ്ങുന്ന സമാധാന സമിതിയെ ആണ് ഇസ്രയേൽ എതിർത്തത്. ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള 20 ഇന സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മേൽനോട്ടം വഹിക്കുന്നതിനായി രൂപീകരിച്ച സമിതിയിലെ അംഗങ്ങളുടെ പട്ടികയും വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ടോണി ബ്ലെയർ, സ്റ്റീവ് വിറ്റ്‌കോഫ്, ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗ, ജാറെഡ് കുഷ്നർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് സിഇഒ മാർക്ക് റോവൻ, യുഎസ് ഡപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ റോബർട്ട് ഗബ്രിയേൽ എന്നിവരും പട്ടികയിലുണ്ട്.
ഭരണപരമായ ശേഷി വർധിപ്പിക്കുക, പ്രാദേശിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക, പുനർനിർമാണം, നിക്ഷേപം ആകർഷിക്കൽ എന്നിവയുൾപ്പെടെ ഗാസയിലെ നിർണായകമായ വിവിധ കാര്യങ്ങൾക്ക് എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ മേൽനോട്ടം വഹിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മധ്യസ്ഥതയിലുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് സ്റ്റീവ് വിറ്റ്‌കോഫ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് പുതിയ നീക്കം.
ഗ്രീൻലൻഡ് വിഷയത്തിൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിൽ വിട്ടുവീഴ്ച്ചയ്ക്ക് ഒരുങ്ങാതെ യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ ജൂലൈയിൽ യുഎസുമായി ആരംഭിച്ച വ്യാപാര കരാറിലെ ചർച്ചകൾ മരവിപ്പിക്കുമെന്ന് യൂറോപ്യൻ യൂണിയൻ നേതൃത്വം പ്രതികരിച്ചു. യൂറോപ്യൻ പീപ്പിൾസ് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സീഗ്ഫ്രൈഡ് മുറേസൻ സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസുമായുള്ള വ്യാപാര കരാറിന് അതിവേഗത്തിൽ അംഗീകാരം നൽകാൻ യൂറോപ്യൻ യൂണിയൻ തയാറായതാണെന്ന് അദ്ദേഹം കുറിച്ചു. യുഎസിൽ നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി തീരുവ രഹിതമാക്കാനായിരുന്നു നീക്കം. എന്നാൽ പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തിൽ യുഎസുമായുള്ള ചർച്ചകൾ തൽക്കാലം മരവിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് യുഎസും യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര കരാർ ചർച്ചകൾ ആരംഭിച്ചത്. ട്രംപിന്‍റെ പുതിയ നീക്കത്തോടെ കരാറിന്‍റെ ഭാവിയെ സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഗ്രീൻലൻഡ് യുഎസിന് വിൽക്കാൻ തയാറായില്ലെങ്കിൽ ഡെൻമാർക്ക് അടക്കമുള്ള യൂറോപ്യൻ യൂണിയനിലെ 8 അംഗരാജ്യങ്ങൾക്ക് മേൽ ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂൺ മുതൽ തീരുവ 25 ശതമാനമാക്കി ഉയർത്തും. ചൈനയും റഷ്യയും മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണെന്നും രാജ്യസുരക്ഷയ്ക്ക് ഗ്രീൻലൻഡ് യുഎസ് ഉടമസ്ഥതയിലാവേണ്ടത് അത്യാവശ്യമാണെന്നുമാണ് ട്രംപിന്‍റെ വാദം.
ഡെൻമാർക്കിന്‍റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് സ്വന്തമാക്കാൻ ഏറെക്കാലമായി ട്രംപ് ശ്രമിക്കുകയാണ്. ഗ്രീൻലൻഡിന്‍റെ തന്ത്രപരമായ സ്ഥാനവും ധാതുസമ്പത്തും യുഎസിന്‍റെ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നാണ് ട്രംപിന്‍റെ വാദം. ഡെൻമാർക്കും യൂറോപ്യൻ യൂണിയനും ട്രംപിന്‍റെ നിർദേശം തള്ളിയിരുന്നു. വെനസ്വേലൻ മാതൃകയിൽ ട്രംപിന്‍റെ സൈനിക നടപടിയുണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ജർമനി, സ്വീഡൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഗ്രീൻലൻഡിൽ ചെറിയ തോതിൽ സേനാ വിന്യാസവും നടത്തിയിട്ടുണ്ട്. ഡെൻമാർക്കും ഗ്രീൻലൻഡിലെ സൈനിക സാനിധ്യം വർധിപ്പിച്ചു.
ട്രംപ് സൈനിക നടപടിയ്ക്ക് മുതിർന്നാൽ നോർത്ത് അറ്റ്‍ലാന്‍റിക്ക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സഖ്യം തകരുമെന്നും ചില യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ യുഎസിന് മേൽ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ചില യുഎസ് ഉൽപന്നങ്ങൾക്ക് നൽകിയിരിക്കുന്ന തീരുവ ഇളവ് പിൻവലിക്കാനാണ് ഇയു നീക്കം.യൂറോപ്യൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് പിഴ ചുമത്താനും നിരോധനം ഏർപ്പെടുത്താനുമുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ഗൂഗിൾ, മെറ്റ, എക്സ് തുടങ്ങിയ കമ്പനികൾക്ക് വലിയ തിരിച്ചടിയാകും.
വടക്കൻ സിറിയയിലെ അലപ്പോയിലുൾപ്പെടെ അതിരൂക്ഷമായ പോരാട്ടത്തിലേർപ്പെട്ടിരുന്ന കുർദ് സേനയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) സർക്കാരുമായി വെടിനിർത്തൽ കരാറുണ്ടാക്കി. തങ്ങളുടെ കൈവശമായിരുന്ന ദെയ്റെസോർ, റഖ മേഖലകൾ സർക്കാരിനു കൈമാറിയ എസ്ഡിഎഫ് ഇനി പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ ഭാഗമാകും. പൂർണ മിലിറ്ററി റാങ്കുകൾ ഉൾപ്പെടെ ഉറപ്പാക്കിയാണ് ഇവരെ സർക്കാർ സേനയുടെ ഭാഗമാക്കുന്നത്.
ദെയ്റെസോർ, റഖ മേഖലകളിലെ സ്ഥാപനങ്ങളുടെയും എണ്ണപ്പാടങ്ങളുടെയും അതിർത്തികളുടെയും നിയന്ത്രണം ഇതോടെ സർക്കാരിനു ലഭിക്കും. സിറിയ പ്രസിഡന്റ് അഹമ്മദ് അശ്ശറാ ഇന്നലെ യുഎസ് പ്രത്യേക പ്രതിനിധി തോമസ് ബറാക്കുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് എസ്ഡിഎഫുമായി വെടിനിർത്തൽ.
മിനസോട്ടയിലേക്ക് ആവശ്യമെങ്കിൽ വിന്യസിക്കാൻ തയാറെടുക്കുന്നതിനായി ഏകദേശം 1,500 സൈനികർക്ക് പെന്റഗൺ നിർദ്ദേശം നൽകിയതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ഗ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് അക്രമം രൂക്ഷമാവുകയാണെങ്കിൽ വിന്യസിക്കാൻ തയാറായിരിക്കണമെന്ന് സൈന്യം ഈ യൂണിറ്റുകൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
കാറിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട ഐസിഇ ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ച യുവതിയെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് മിനസോട്ടയിൽ പ്രതിഷേധം ആരംഭിച്ചത്. മിനിയപ്പലിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധം നടക്കുന്നതിനിടെ വാഹനത്തിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവതി വാഹനം റിവേഴ്സ് എടുത്തു. ഇതിനെ തുടർന്ന് യുവതിയുടെ മുഖത്ത് മൂന്ന് തവണ ഉദ്യോഗസ്ഥർ വെടിയുതിർത്തു. കവിയത്രിയായ റെനി നിക്കോൾ ഗുഡ് (37) ആണ് കൊല്ലപ്പെട്ടത്. മൂന്ന് മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ട റെനി.
ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള യുഎസിന്റെ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പ് നടപ്പാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തിയാണ് ട്രംപിന്റെ നടപടി. ഫെബ്രുവരി ഒന്നുമുതൽ പുതിയ തീരുവ നിലവിൽ വരും. ഡെന്മാർക്ക്, ജർമനി, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം, നെതർലൻഡ്‌സ്, ഫിൻലൻഡ്, നോർവേ, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്.
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 16 ഇന്ത്യക്കാർ; മോചനത്തിനായി ശ്രമങ്ങൾ തുടരുന്നതായി കേന്ദ്ര സർക്കാർ
യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നാണ് ട്രംപിന്റെ പക്ഷം. റഷ്യയും ചൈനയും ദ്വീപിനെ കയ്യടക്കുമോ എന്നും ട്രംപ് ഭയക്കുന്നു. എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം താരിഫ് ഏർപ്പെടുത്തിയത് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുറത്തുവിട്ടത്. ഗ്രീൻലൻഡ് സ്വന്തമാകുന്നതുവരെ താരിഫ് നിലനിൽക്കുമെന്നും ജൂൺ 1 മുതൽ താരിഫുകൾ 25% ആയി വർധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നയതന്ത്ര ആയുധമായി ട്രംപ് മുൻപും താരിഫ് സമ്മർദം ഉപയോഗിച്ചിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ശിക്ഷാ നടപടികൾ ഏർപ്പെടുത്തുകയും, അടുത്തിടെ ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മേൽ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ പിന്തുണ നൽകാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരിക്കുന്നത്.
അതേസമയം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ (19) ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും സമഗ്രമായ തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്ന ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ നേതാക്കൾ ചർച്ച ചെയ്യും.
കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള അഞ്ചാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. പ്രസിഡന്റായതിന് ശേഷമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ ഔദ്യോഗിക സന്ദർശനവും.
https://www.facebook.com/Malayalivartha






















