നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ ഷിജില്‍-കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകന്‍ ഇഹാന്‍ (അപ്പു) ആണ് വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ മരിച്ചത്. അച്ഛന്‍ വാങ്ങിക്കൊടുത്ത ബിസ്‌കറ്റ് കഴിച്ചു അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കുട്ടി കുഴഞ്ഞുവീണത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
കുഞ്ഞിന്റെ കയ്യില്‍ മൂന്ന് പൊട്ടലുകളുണ്ടായിരുന്നു. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നും ചികിത്സ തേടിയിരുന്നെന്നും മതാപിതാക്കള്‍ പറഞ്ഞു. കുഞ്ഞിനെ ബനിയന്‍ ധരിപ്പിച്ചപ്പോള്‍ കൈ വേദനിക്കുന്നെന്ന് മനസ്സിലാക്കിയാണ് ചികിത്സിക്കാന്‍ കൊണ്ടുപോയത്. അതേസമയം കുട്ടിയ്ക്കു കൂടുതല്‍ പരുക്കേറ്റിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടടക്കം ഇക്കാര്യത്തില്‍ തേടും.
അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കുട്ടിയുടെ മാതാവിന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവര്‍ വീണ്ടും ഒരുമിച്ചു താമസം തുടങ്ങിയതെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് നെയ്യാറ്റിന്‍കര പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ സംശയകരമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് മതാപിതാക്കളെ വിട്ടയച്ചതെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തും.
https://www.facebook.com/Malayalivartha
























