അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്..... 100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തൊടാന്‍ ശ്രമിക്കുകയാണ് ചെയ്ത്...അയാള്‍ ഉണ്ടായിരുന്നത് 'എന്റെ മുന്നിൽ.... യുവാവിന്റെ മരണത്തിന് പിന്നാലെ ആരോപണത്തില്‍ ഉറച്ച് യുവതിയുടെ പ്രതികരണം

ബസില്‍ വെച്ച് തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണത്തില്‍ ഉറച്ചു യുവതിയുടെ പ്രതികരണം. ദീപക്കിന്റെ മരണത്തില്‍ പുറത്തുവന്ന വീഡിയോക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ യുവതിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പുറത്തുവന്ന വീഡിയോ കണ്ടാല്‍ ദീപക് തെറ്റുകാരനല്ലെന്ന് മനസ്സിലാകുമെന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്.
എന്നാല്‍, പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെണ്‍കുട്ടിക്കും ദുരനുഭവങ്ങള്‍ ഉണ്ടായെന്നാണ് യുവതി ആവര്‍ത്തിക്കുന്നത്. യുവാവ് മരിച്ച വാര്‍ത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിനോട് യുവതി പറഞ്ഞത് ഇങ്ങനെയാണ്
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള ബസിലായിരുന്നു ഞാന്‍. എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്. അയാളുടെ മുന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖവും ഭാവവും കണ്ടപ്പോള്‍, എനിക്ക് മനസിലായി, ഭയങ്കര ഡിസ്‌കംഫര്‍ട്ടായിട്ടാണ് നില്‍ക്കുന്നതെന്ന്. ഞാന്‍ അവരോട് ഒന്നും ചോദിച്ചില്ല, ഞാന്‍ ഫോണ്‍ കാമറ ഓണാക്കി പിടിച്ചു. എന്നാല്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്തിരുന്നില്ല. കണ്ട സമയത്ത് കൂളായിട്ട് നിന്നു.
പിന്നെ തിരക്കൊഴിഞ്ഞു, അപ്പോഴേക്കും ബസ് സ്റ്റാന്‍ഡിലേക്കെത്തി. അയാള്‍ തൊട്ടുരുമ്മി നില്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍, പിന്നെയും വീഡിയോ ഓണ്‍ ചെയ്തു. ഇറങ്ങുന്ന സമയത്ത് അയാളുടെ പിന്നില്‍ ഞാനാണ് ഉണ്ടായിരുന്നത്. എന്റെ ശരീരത്തിലേക്ക് അയാളുടെ കൈ തൊടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് വീഡിയോയില്‍ കാണാം. ഒരിക്കല്‍ മാറി നിന്നു. അയാള്‍ വീണ്ടും അത് ആവര്‍ത്തിച്ചു. പിന്നീട് എന്താ ചേട്ടാ കാണിക്കുന്നത് എന്ന ചോദിച്ചപ്പോള്‍ അയാള്‍ വേഗത്തില്‍ നടന്നുപോയി.
പിന്നീട് വടകര സ്റ്റേഷനില്‍ പരിചയമുള്ള ഒരു പൊലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അഡ്രസ് പറയാനാണ് പറഞ്ഞത്. അങ്ങനെ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ആളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയക്കണമെന്നും ഞാന്‍ വീഡിയോക്കൊപ്പം കുറിച്ചിരുന്നു. എന്റെ കാര്യത്തില്‍ തന്നെ 100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തന്നെ തൊടാന്‍ ശ്രമിക്കുകയാണ് ചെയ്ത്. അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ടെന്നും യുവതി പറഞ്ഞു.
ഇന്ന് രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സങ്കടത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. യുവതി നടത്തിയത് വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്നും ഒരു പ്രശ്‌നത്തിലും ഇടപെടാത്ത ആളായിരുന്നു ദീപക്കെന്നും ബന്ധുക്കള്‍ ആരോപിച്ചു. യുവതി വീഡിയോ സോഷ്യല്‍ മീഡിയ കണ്ടന്റിന് വേണ്ടി ഉപയോഗിച്ചതാണോ എന്ന് ദീപക്കിന്റെ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഏഴ് വര്‍ഷമായി ഒരു വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീപക് അത്തരത്തില്‍ മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നയാളല്ലെന്നും കച്ചവട ആവശ്യാര്‍ഥമാണ് കണ്ണൂരിലേക്ക് പോയതെന്നും നാട്ടുകാര്‍ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്ന് സിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവജ്ഞതയോടെ തള്ളിക്കളയുകയാണുണ്ടായതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























