ആ ചെരിപ്പൂരിടീന്‍ ചെരിപ്പൂരിടീന്‍, മൂപ്പര് ഒരു മനുഷ്യരാണ്, കല്ലല്ല..! ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിന്‍... സ്ത്രീകൾക്കും,കുട്ടികൾക്കും രക്ഷപെടാൻ ജൈസല്‍ മുതുക് ചവിട്ട് പടിയാക്കി നൽകിയപ്പോൾ രക്ഷാപ്രവർത്തകനായ നയീം ബാപ്പു നടത്തിയ അഭ്യർത്ഥന റിങ്ടോൺ ആക്കി വേങ്ങരക്കാർ...

പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നതും ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കൈമെയ് മറന്ന് ഒരുപാട് മനുഷ്യര്‍ മുന്നോട്ട് വന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തത് മഹാപ്രളയത്തെ അതിജീവിക്കാൻ കേരളത്തിന് കൈത്താങ്ങാകുകയായിരുന്നു. പലതരം രക്ഷാപ്രവർത്തനങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചപ്പോൾ മത്സ്യത്തൊഴിലാളിയായ ജൈസല്‍ പ്രളയത്തിന് മുന്നില്‍ തോല്‍ക്കാതെ ചവിട്ടിക്കയറ്റാന്‍ സ്വന്തം മുതുക് കാണിച്ച് കൊടുത്തത് മലയാളികൾക്ക് മറക്കാനാകാത്ത ഒരു ചിത്രമായിരുന്നു.
ആ ചെരിപ്പൂരിടീന്‍ ചെരിപ്പൂരിടീന്‍, മൂപ്പര് ഒരു മനുഷ്യരാണ്, കല്ലല്ല..! ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിന്‍... എന്ന് മറ്റൊരു രക്ഷാപ്രവർത്തകനായ നയീം ബാപ്പു വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നിട്ടും നിങ്ങള് കേറിക്കോളിൻ ഉമ്മാന്ന് പറഞ്ഞ് മുതുക് ചവിട്ട് പടിയാക്കി ജൈസൽ നിന്നു. ഇപ്പോൾ ഈ വാക്കുകള്‍ വേങ്ങരയിലെ സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍ക്ക് വരെ പരിചിതമാണ്. മലപ്പുറത്തെത്തിയാല്‍ ചായക്കടയിലോ അതുവഴി കടന്നുപോകുന്ന ബസിലോ ഇങ്ങനെയൊരു അഭ്യര്‍ഥന പെട്ടെന്ന് കേട്ടാല്‍ അമ്പരക്കേണ്ട. പല വേങ്ങരക്കാരുടെയും ഇഷ്ട റിങ്‌ടോണ്‍ ആണ് ഇപ്പോൾ ഇത്.
ലോകം സ്‌നേഹപൂര്‍വം നെഞ്ചോടു ചേര്‍ത്ത ജൈസലിന്റെ വിഡിയോ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ആ നയീം ബാപ്പുവാണ്. സൗദിയില്‍നിന്ന് മൂന്നു മാസത്തെ അവധിക്ക് വേങ്ങര മുതലമാട്ടിലെ വീട്ടിലെത്തിയ പ്രവാസി. വാട്ട്‌സാപിലെ കുടുംബഗ്രൂപ്പിലും ഫേസ്ബുക്കിലുമാണ് നയീം വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. മഹാപ്രളയം നേരിട്ട കേരളത്തിന്റെ അതിജീവനത്തിന്റെയും രക്ഷാപ്രവര്‍ത്തകരുടെ സമര്‍പ്പണത്തിന്റെയും പ്രതീകമായി മാറിയ ആ വീഡിയോയുടെ ശബ്ദശകലമാണ്, വേങ്ങരയിലെ ചിലര്‍ റിങ്‌ടോണ്‍ ആക്കിയിരിക്കുന്നത്.
എന്നാല്‍ ബോട്ടില്‍ ആദ്യം കയറിയവര്‍ക്കാര്‍ക്കോ അല്‍പ്പം കനമുള്ള ചെരിപ്പുണ്ടായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ചെരിപ്പ് ഊരാന്‍ ആവശ്യപ്പെട്ടതെന്ന് നയീം പറഞ്ഞു. പക്ഷേ, ജീവനും കൊണ്ടോടുന്നവരോട് ചെരുപ്പഴിക്കാന്‍ പറയുന്നത് മര്യാദകേടാണെന്ന് ജൈസല്‍ തന്നെ വ്യക്തമാക്കിയിരുന്നു. നാലുദിവസം നീണ്ട രക്ഷാപ്രവര്‍ത്തനമാണ് സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും പോലീസും ചേര്‍ന്ന് വേങ്ങര മുതലമാട്ടില്‍ നടത്തിയത്.
https://www.facebook.com/Malayalivartha






















