സമദൂരം തോട്ടിലെറിഞ്ഞ് സി.പി.എമ്മിനെതിരെ കടുത്തനിലപാടുമായി എന്‍.എസ്.എസ്, ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും നിരീശ്വരവാദം അടിച്ചേല്‍പിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍

സി.പി.എമ്മിനെതിരെ കര്‍ശനനിലപാടുമായി എന്‍.എസ്.എസ്. എന്നാല്‍ നിലപാട് പരസ്യമായി പ്രഖ്യാപിക്കാതെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കുമെന്നാണ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ ഇന്നലെ ചെങ്ങന്നൂരില്‍ പ്രസംഗിച്ചത്. നിരീശ്വരവാദം അടിച്ചേല്‍പിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രഖ്യാപിച്ചു. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് എന്തിനാണു ധൃതിയെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. സുരേന്ദ്രന്‍ എന്ത് ചെയ്തിട്ടാണ് കേസില്‍ പ്രതിയായതെന്നും അദ്ദേഹം ചോദിച്ചു.
ആര്‍എസ്എസ്, ബിജെപി എന്ന് കേള്‍ക്കുമ്പോള്‍ ഭയമുണ്ടായിരുന്നെങ്കിലും ഇപ്പോഴങ്ങനത്തെ സാഹചര്യമില്ലെന്നും നരേന്ദ്രനാഥന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഒരുകാലത്തും ആര്‍.എസ്.എസ്- ബി.ജെ.പി നയങ്ങളോട് യോജിക്കാതിരുന്ന എന്‍.എസ്.എസ് ഇങ്ങിനെ ഒരു തീരുമാനത്തിലേക്ക് എത്തുമ്പോള്‍ ഇടതിനും വലതിനും അത് വലിയ തിരിച്ചടിയാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസിനെതിരെയും പരോക്ഷമായി അതിരൂക്ഷവിമര്‍ശനമാണ് പ്രസിഡന്റ് നടത്തിയത്.
ശബരിമല വിഷയത്തില്‍ ചില പാര്‍ട്ടികളുടെ സമരം പ്രസ്താവനകളിലും ജാഥകളിലും ഒതുങ്ങിയപ്പോള്‍ ആചാരലംഘനം നടത്താനെത്തിയ യുവതികളെ തടഞ്ഞത് കുറച്ചു പിള്ളേര്‍ മുന്നില്‍ പോയി കിടന്നു തല്ലുകൊണ്ടിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.എസിനും ബി.ജെ.പിക്കും അനുകൂലമായി മുമ്പൊരു എന്‍.എസ്.എസ് നേതാവും ഇങ്ങിനെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിലും വിശ്വാസമില്ലാതിരുന്ന യാഥാസ്ഥിതികരായ നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണെന്നും നരേന്ദ്രനാഥന്‍ നായര്‍. എന്‍എസ്എസിന്റെ മുദ്രാവാക്യം സമദൂരമാണെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുലിയൂര്‍ ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു പ്രസിഡന്റ്. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി പോയ കെ.സുരേന്ദ്രനെയും കെ.പി ശശികലയെയും അറസ്റ്റ് ചെയ്തതിനെ എന്‍.എസ്.എസ് മുഖപത്രം ആദ്യമേ വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























