കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം

'കനത്ത മഴയില്‍ മിന്നലുണ്ടായപ്പോള്‍ ലോറിയില്‍ കയറി ഇരുന്നതാണ് സിജു. എല്ലാം കഴിഞ്ഞത് കണ്ണടച്ചു തുറക്കും മുന്‍പാണ്. '– തന്റെ സുഹൃത്ത് മണ്ണിടിച്ചിലില്‍ ലോറിയുടെ ക്യാബിനില്‍ കുടുങ്ങിപ്പോയ സംഭവം നേരില്‍ കാണേണ്ടി വന്നതിന്റെ ആഘാതം വിട്ടുമാറാതെ കലങ്ങിയ കണ്ണുകളോടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഡ്രൈവര്‍ കൂടിയായ കലയനാട് തടത്തിവിള വീട്ടില്‍ ഷിബു പറഞ്ഞു. ശക്തമായ ഇടിയും മഴയും ഉണ്ടായപ്പോള്‍ ബസിന് അടുത്ത് നിന്ന ഡ്രൈവര്‍ സിജു തോമസ് ലോറിയുടെ മുന്‍ഭാഗത്ത് കയറി ഇരിക്കുകയായിരുന്നു.
സെക്കന്‍ഡുകള്‍ കൊണ്ട് ഉഗ്ര ശബ്ദത്തോടെ കോണ്‍ക്രീറ്റ് കവചം ഉണ്ടായിരുന്ന 30 അടിയോളം ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞ് സര്‍വീസ് സ്‌റ്റേഷന്റെ മേല്‍ക്കൂരയും തകര്‍ത്ത് ലോറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഞാന്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്– ഷിബു പറഞ്ഞു. ഒരാള്‍ ലോറിയുടെ ക്യാബിനില്‍ ഉണ്ടായിരുന്നെന്ന് പുറംലോകം അറിഞ്ഞതു തന്നെ ഷിബു വഴിയാണ്. അപകടത്തില്‍ മരിച്ച സിജുവിന്റെ ഫോണ്‍ നമ്പറിലേക്ക് പലതവണ മറ്റുള്ളവരെ കൊണ്ട് വിളിപ്പിച്ചപ്പോള്‍ മൊബൈല്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. അപ്പോഴാണ് ആള്‍ ജിവനോടെയുണ്ടാകില്ലെന്ന സംശയം വര്‍ധിച്ചത്. മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവില്‍ മൃതദേഹം കണ്ടെത്തുന്നതുവരെ ജീവനോടെ സിജു മടങ്ങിവരണമെന്ന ഒറ്റ പ്രാര്‍ഥനയിലായിരുന്നു ഷിബു.
https://www.facebook.com/Malayalivartha























