സിപിഐ ഐം ആർത്തിമൂത്ത് വിറ്റു തുലച്ചത് നടൻ ശ്രീനിവാസൻ നൽകിയ ഭൂമിയും; കണ്ണൂര്‍ പേരാവൂരില്‍ സിപിഐഎം സ്വകാര്യ വ്യക്തിക്ക് വിറ്റ സഹകരണ ആശുപത്രി ഭൂമിയില്‍ നടന്‍ ശ്രീനിവാസന്റെ ഭൂമിയും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്

കണ്ണൂര്‍ പേരാവൂരില്‍ സിപിഐഎം സ്വകാര്യ വ്യക്തിക്ക് വിറ്റ സഹകരണ ആശുപത്രി ഭൂമിയില്‍ നടന്‍ ശ്രീനിവാസന്റെ ഭൂമിയും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്. ജനങ്ങളില്‍ നിന്ന് ഓഹരി പിരിച്ച് നിര്‍മിച്ച ആശുപത്രിയ്ക്കായി ശ്രീനിവാസനില്‍ നിന്ന് ലഭിച്ച 33.5 സെന്റ് ഉള്‍പ്പെടെയാണ് വില്‍പ്പന നടത്തിയതെന്ന് മാതൃഭുമി റിപ്പോര്‍ട്ട് ചെയ്തു.
വില്‍പ്പനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവത്തില്‍ സിപിഐഎം സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനടക്കം മൂന്ന് നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. 90 സെന്റാണ് ആശുപത്രി നഷ്ടത്തിലാണെന്ന കാരണത്താല്‍ സൊസൈറ്റി ചിറ്റാരിപ്പറമ്പ് സ്വദേശിക്ക് വിറ്റത്. സംഭവത്തിൽ കുറ്റക്കാരായ മൂന്ന് നേതാക്കൾക്കെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. ആശുപത്രി വിൽപനയിൽ ഗുരുതര വീഴ്ചയുണ്ടായതായി പാർട്ടിയുടെ അന്വേഷണ കമ്മിഷൻ അംഗങ്ങളായ ജയിംസ് മാത്യു എംഎൽഎ, പി.ഹരീന്ദ്രൻ എന്നിവർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അച്ചടക്ക നടപടി.
ടി.കൃഷ്ണനെ കൺട്രോൾ കമ്മിഷൻ ചെയർമാൻ സ്ഥാനത്തു നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്താനും ജില്ലാ കമ്മിറ്റി അംഗം വി.ജി.പത്മനാഭനെ താക്കീതു ചെയ്യാനും പേരാവൂർ ഏരിയ കമ്മിറ്റി അംഗം കെ.പി.സുരേഷ്‌കുമാറിനെ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. നടപടി സംബന്ധിച്ച വിവരം സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.
കണ്ണൂർ ജില്ലയിലെ പേരാവൂരിൽ 2010ലാണു ജനങ്ങളിൽ നിന്ന് ഓഹരി പിരിച്ചു സഹകരണ ആശുപത്രി ആരംഭിച്ചത്. നഷ്ടത്തിലാണെന്നു പറഞ്ഞു മൂന്നു വർഷം മുൻപു 4.10 കോടി രൂപയ്ക്ക് ആശുപത്രി സ്വകാര്യവ്യക്തിക്കു വിറ്റു. സംഘം നേരിട്ടു നടത്തിയ വിൽപന സഹകരണ വകുപ്പു റദ്ദാക്കിയതിനെ തുടർന്നു പിന്നീടു ലേലം നടത്തിയാണ് ഇടപാട് നടത്തിയത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടന്ന വിൽപനയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.
ആശുപത്രി ഭരണസമിതിയുടെ മുൻ പ്രസിഡന്റുമാരായ ടി.കൃഷ്ണനും വി.ജി.പത്മനാഭനും ആശുപത്രി നടത്തിപ്പിനു വേണ്ടി സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച സബ് കമ്മിറ്റി അംഗങ്ങളായിരുന്നു. സുരേഷ്‌കുമാർ പ്രസിഡന്റ് ആയിരുന്ന സമയത്താണ് വില്പന നടന്നത്.
എന്നാൽ ആശുപത്രി 4.10 കോടി രൂപയ്ക്കു വിറ്റതായാണു രേഖകളെങ്കിലും യഥാർഥ വിൽപന നടന്നത് 5.20 കോടി രൂപയ്ക്കാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. രേഖകളിലില്ലാത്ത ഈ തുക കൈകാര്യം ചെയ്തതിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നുമായിരുന്നു എന്നും ആരോപണം ഉയർന്നു.
കൂടാതെ വ്യാജസർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ വിവാദസംരംഭകനു വേണ്ടിയാണ് ആശുപത്രി തിരക്കിട്ടു വിൽപന നടത്തിയതെന്നും ആരോപണമുയർന്നു. ലേലത്തിൽ പങ്കെടുക്കാനെത്തിയ കർണാടകയിലെ വ്യവസായ ഗ്രൂപ്പിനു ലേലത്തിൽ നിന്നു വിട്ടുനിൽക്കാൻ 38 ലക്ഷം രൂപ നൽകിയതായും ആരോപണമുണ്ടായി.
വർഷങ്ങളോളം സിപിഎം സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗമായിരുന്ന ടി.കൃഷ്ണൻ 2015ൽ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിലാണു ചെയർമാനായത്. ഈ വർഷം തൃശൂർ സമ്മേളനത്തിൽ വീണ്ടും ചെയർമാനായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്.
അതേസമയം കണ്ണൂരിലെ പാർട്ടിയിൽ നിന്നും അഴിമതി വാർത്ത പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സംഘടനാപരമായി ഏറ്റവുമധികം ശക്തിയുള്ള മേഖലയാണ് കണ്ണൂർ ജില്ല. അതുകൊണ്ട് തന്നെ ഇവിടത്തെ ചെറിയ കാര്യങ്ങൾ പോലും പാർട്ടി ഗൗരവത്തോടെ കാണും. ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ സംഘടനാ സംവിധാനം മെച്ചപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകുകയാണ് പാർട്ടി.
https://www.facebook.com/Malayalivartha


























