എന്‍.എസ്.എസ് നേതൃത്വം സര്‍ക്കാരും സി.പി.എമ്മുമായി തുടരുന്ന പോര് പുതിയ തലത്തിലേക്ക്... കേരള സാഹിത്യ അക്കാദമി ഡയറിയില്‍ നവോത്ഥാന നായകന്‍മാരുടെ പട്ടികയില്‍ നിന്ന് മന്നത്തെ ഒഴിവാക്കി

എന്‍.എസ്.എസ് നേതൃത്വം സര്‍ക്കാരും സി.പി.എമ്മുമായി തുടരുന്ന പോര് പുതിയ തലത്തിലേക്ക്... കേരള സാഹിത്യ അക്കാദമി ഡയറിയില്‍ നവോത്ഥാന നായകന്‍മാരുടെ പട്ടികയില്‍ സമുദായ ആചാര്യനും നവോത്ഥാന നായകനുമായ മന്നത്ത് പത്മനാഭന്റെ പേരോ ചിത്രമോ ഇല്ല. 'കേരളം ഓര്‍മ്മസൂചിക 2019' എന്ന പേരിലാണ് സാഹിത്യ അക്കാദമി ഡയറി പുറത്തിറക്കിയത്. മന്നത്തിന്റെ ചിത്രമില്ലാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണന്ന് ജി സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. സംഘാടകര്‍ മനപ്പൂര്‍വം അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നാനാജാതി മതസ്ഥര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മന്നത്തു പത്മനാഭന്‍ ആരായിരുന്നെന്നും, അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്താണെന്നും കേരളജനതയ്ക്കറിയാം. അതിനാല്‍ ചരിത്രപുരുഷനായ മന്നത്തു പത്മനാഭനെ ഈ രീതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. അതേസമയം മനപ്പൂര്‍വം ചെയ്തതല്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും അക്കാദമി അധികൃതര്‍ അനൗദ്യോഗികമായി പറയുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാരും സാംസ്‌കാരിക വകുപ്പും വിശദീകരണം തേടിയെന്നും അറിയുന്നു. ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് എന്‍.എസ്.എസ് നേതൃത്വം ഇടയുന്നത്. അന്ന് തുടങ്ങിയ വാക്‌പ്പോര് ഇപ്പോള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
സമുദായ ആചാര്യനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നാണ് എന്‍.എസ്.എസിന്റെ മറ്റ് ചില ഭാരവാഹികള്‍ ആരോപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ഇക്കാര്യം അവര്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. ഇക്കാര്യം സി.പി.എം നേതൃത്വം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും താമസിക്കാതെ ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുമെന്ന് ഉറപ്പാണ്. നവോത്ഥാനവും നവോത്ഥാന നായകരെയും സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ സര്‍ക്കാരും സി.പി.എമ്മും എന്‍.എസ്.എസിനെ അധിക്ഷേപിക്കുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് സാഹിത്യ അക്കാദമി ഡയറിയില്‍ നിന്ന് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും സമുദായനേതൃത്വത്തെ തുടര്‍ച്ചയായി വെല്ലുവിളിക്കുകയായിരുന്നു.
എന്‍.എസ്്.എസിന് രാഷ്ട്രീയത്തിലിടപെടാന്‍ താല്‍പര്യമുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും വിരട്ടലും ഭയപ്പെടുത്തലും വേണ്ടെന്നും നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്നും കോടയേരി ആവശ്യപ്പെട്ടിരുന്നു. മുമ്പ് എന്‍.എസ്.എസ് രൂപീകരിച്ച എന്‍.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടി കേരളം കണ്ട ഏറ്റവും വലിയ അഴിമതി പ്രസ്ഥാനമായിരുന്നെന്നും കോടിയേരി ആരോപിച്ചിരുന്നു. വനിതാ മതിലില്‍ പങ്കെടുത്താല്‍ സമുദായ അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വെല്ലുവിളിച്ചവര്‍ എന്തേ നടപടി എടുക്കാത്തതെന്ന് ചങ്ങാനാശേരിയില്‍ കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ചോദിച്ചു. മാത്രമല്ല നായര്‍ സമുദായ അംഗങ്ങളെ അണിനിരത്തി സി.പി.എം സുകുമാരന്‍ നായരെ നേരിടുണ്ടെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. അതിനെല്ലാം മറുപടി നല്‍കാന്‍ മന്നത്തിനെ ഒഴിവാക്കിയ സംഭവം ആയുധമാക്കാന്‍ എന്‍.എസ്.എസിന് കഴിയും.
https://www.facebook.com/Malayalivartha
























