ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കണ്ണൂര്‍ ഗവ. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികളായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതി മറ്റന്നാള്‍ വിധി പറയും. കേസിലെ പ്രതികളായ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ എന്നിവരുടെ ജാമ്യഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. സംഭവദിവസം ഉച്ചയ്ക്ക് നിതിന്‍ പ്രിന്‍സിപ്പലിന്റെ ക്യാബിനില്‍ എത്തിയപ്പോള്‍ ഡോ. റാം അവിടെ ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രിന്‍സിപ്പലുമായി സംസാരിച്ചത്. നിതിനുമായി ഡോ. റാം അവസാന നിമിഷം സംസാരിച്ചിട്ടില്ലെന്നും ഒരു മാസം മുന്‍പ് അധിക്ഷേപിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. കൂടാതെ, ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നിറങ്ങിയ ശേഷമാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഡോ. റാമുമായി പ്രശ്‌നങ്ങളുള്ള കാര്യം നിതിന്‍ പ്രിന്‍സിപ്പലിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. നിതിന്‍ സഹതാപത്തിന് വേണ്ടി കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്ന് ഡോ. റാം പരിഹസിച്ചതായി സഹപാഠിയുടെ മൊഴിയുണ്ട്. മറ്റൊരു അധ്യാപികയെക്കൊണ്ട് നിതിനെതിരെ പരാതി കൊടുപ്പിച്ചത് ഡോ. റാമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ മറ്റന്നാള്‍ വരുന്ന കോടതി വിധി അധ്യാപകര്‍ക്കും കോളേജ് അധികൃതര്‍ക്കും നിര്‍ണ്ണായകമാകും.
https://www.facebook.com/Malayalivartha
























