കുംഭമാസപൂജയ്ക്ക് യുവതികള്‍ ശബരിമലയിലെത്തുമോ; യുവതികളെത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കര്‍മ്മ സമിതി രംഗത്ത്

കുംഭമാസപൂജയ്ക്ക് യുവതികള്‍ ശബരിമലയിലെത്തുമോ. യുവതികളെത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കര്‍മ്മ സമിതി രംഗത്ത്. മണ്ഡലമകരവിളക്ക് തുലാമാസപൂജകള്‍ക്ക് നടതുറമന്നത് പോലെയാകുമോ. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ യുവതികള്‍ മലചവിട്ടാനെത്തുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ. യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പോലീസ്.
കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ സംവിധാനമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. നിരോധനാജ്ഞ ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇത്തവണയും ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 17 ന് നട അടക്കുന്നത് വരെ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
സന്നിധാനം, പമ്പ, നിലക്കല്‍, എന്നീ മൂന്ന് കേന്ദ്രങ്ങളിലും ഓരോ എസ് പിമാര്‍ക്കാണ് സുരക്ഷാ ചുമതല. സന്നിധാനത്ത് വി അജിത്ത്, പമ്പയില്‍ എച്ച് മഞ്ചുനാഥ്, നിലക്കലില്‍ പി കെ മധു എന്നിവരുടെ കീഴിലാണ് സുരക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. 2000ത്തോളം പൊലീസ് സേനാംഗങ്ങളും സുരക്ഷക്കുണ്ട്. നവോത്ഥാന കേരളം ശബരിമലക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മ കുംഭമാസ പൂജക്ക് ശബരിമലക്ക് പോകാന്‍ യുവതികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ യുവതികളും ഇത്തവണ എത്താന്‍ ഇടയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതു കൂടെ കണക്കിലെടുത്ത് പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. ദേവസ്വം ബോര്‍ഡ് കേസില്‍ എടുത്ത നിലപാട് മാറ്റവും പ്രതിഷേധത്തിന് ശക്തികൂട്ടും. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ കോടതി വിധി വരുന്നത് വരെ വിഷയം സജീവമായി നിര്‍ത്താന്‍ പരിവാര്‍ സംഘനകള്‍ തയ്യാറെടുക്കുമ്പോള്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടും നിര്‍ണായകമാവും. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ സാഹചര്യങ്ങള്‍ക്ക് മാറ്റംവന്നിട്ടില്ലെന്നാണ് പോലിസ് വിലയിരുത്തല്‍. ഇക്കാര്യം കണക്കിലെടുത്താണ് നടയടയ്ക്കുന്ന 17ന് രാത്രിവരെ നിരോധനാജ്ഞ വേണമെന്ന ആവശ്യം. ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ പൂര്‍ണാര്‍ഥത്തില്‍ നിരോധനാജ്ഞവേണമെന്നാണ് റിപോര്‍ട്ടില്‍ പോലിസ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് കലക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് ഇന്ന് രാവിലെ 10ന് ശേഷം മാത്രമേ നിലയ്ക്കലില്‍നിന്ന് തീര്‍ഥാടകരെ പമ്പയിലേയ്ക്ക് കടത്തിവിടൂ. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുണ്ടാവും. കൂടാതെ ജില്ലയില്‍ വ്യാപകമായി പോലിസ് പരിശോധനയും ശക്തമാക്കും.
https://www.facebook.com/Malayalivartha