ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തൃശ്ശൂര്‍ കോടതി

പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് എതിരെ 2012ല്‍ നടത്തിയ സമരത്തിന്റെ പേരിലാണ് ശോഭയെയും പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും പിടികിട്ടപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് ശോഭ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരിയില്‍ ആണ് ബിജെപി ടോള്‍ പ്ലാസയ്‌ക്കെതിരെ സമരം നടത്തിയത്. ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.ഇതേ കേസില്‍ തന്നെ ബിജെപിയുടെ വി മുരളീധരന്‍ അടക്കമുളളവര്‍ക്കെതിരെയും കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ജാമ്യം എടുത്തിട്ടുണ്ട്.
നിലവില്‍ ശോഭ സുരേന്ദ്രന്‍, വി മുരളീധരന്‍ എം പി തുടങ്ങി പത്ത് ബിജെപി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഇവരില്‍ ശോഭ സുരേന്ദ്രനും അനീഷും ജാമ്യമെടുക്കാന്‍ തയ്യാറായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരുന്നതോടെ ഇരുവരെയും പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ കേസും കോടതിയുമൊന്നും ശോഭസുരേന്ദ്രൻ ആദ്യത്തെ സംഭവമല്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ ഹര്‍ജികള്‍ നല്‍കിയതിന് ഹൈക്കോടതി ശോഭ സുരേന്ദ്രന് പിഴ ശിക്ഷ വിധിച്ചിരുന്നു. 25000 രൂപയാണ് ഹൈക്കോടതിയില്‍ ശോഭ സുരേന്ദ്രന്‍ അഭിഭാഷകന്‍ മുഖേന പിഴ ഒടുക്കിയത്. പിഴ അടയ്ക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ നിലപാട് തിരുത്തിയാണ് ഹൈക്കോടതിയില്‍ ശോഭ സുരേന്ദ്രന്‍ പിഴയൊടുക്കിയത്.
യുവതീപ്രവേശന വിധിയെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഡിസംബര്‍ 4ന് ഹൈക്കോടതി തള്ളിയത്.
അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല. ഹര്‍ജിക്കാരി എവിടെയും പരാതിയും നല്‍കിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത് എന്ന് വിമര്‍ശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഹര്‍ജി പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്ന് ശോഭയുടെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതിരുന്ന ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കര്‍ അടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹര്‍ജി തള്ളാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























