പിള്ളേച്ചന്‍ അല്‍പം മാറിനില്‍ക്ക്... കെ. മുരളീധരന്‍ വടകര ജയിച്ച് കയറിയാല്‍ വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപി മത്സരിക്കും; കുമ്മനം രാജശേഖരനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ

തിരുവനന്തപുരത്തെ വട്ടിയൂര്‍കാവ് നിയമസഭാ സീറ്റില്‍ ഒഴിവുണ്ടായാല്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മത്സരിക്കും. കുമ്മനം രാജശേഖരനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാനും കേന്ദ്ര നേതൃത്വത്തില്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ശ്രീധരന്‍പിള്ള പൂര്‍ണ പരാജയമാണെന്നാണ് വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ ജനവികാരം പ്രകടമാകുമെന്ന ബിജെപി വിലയിരുത്തലിനെ തുടര്‍ന്നാണ് വട്ടിയൂര്‍കാവില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ആലോചനയുള്ളത്.
കൊച്ചിയില്‍ ചേര്‍ന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലന യോഗത്തിലാണ് നേതാക്കള്‍ക്കിടയില്‍ ഇത്തരമൊരു ആലോചനയുണ്ടായത്. യോഗത്തില്‍ പലയിടത്തും ഇടതുവലതുപക്ഷങ്ങളെ മലര്‍ത്തിയടിക്കുമെന്നും ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടുമെന്നും അഭിപ്രായമുയര്‍ന്നു.
അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ ചര്‍ച്ചകളില്‍ വിമര്‍ശനമുണ്ടായി. പ്രചാരണം ചൂടുപിടിപ്പിക്കേണ്ട നിര്‍ണായക സമയത്ത് കൂടുതല്‍ കേന്ദ്ര നേതാക്കളെ സംസ്ഥാനത്ത് എത്തിക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു. അമിത് ഷാ വന്നു പോയ ശേഷം പ്രധാന നേതാക്കളാരും പ്രചരണത്തിന് വന്നില്ലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുയര്‍ന്നു.
ശ്രീധരന്‍ പിള്ളക്കെതിരെയാണ് വിമര്‍ശന ശരങ്ങള്‍ ഏറെയും ഉയര്‍ന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശരാശരിക്കും താഴെയാണെന്നാണ് വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ പോലും സംസ്ഥാനത്ത് അനുകൂല സാഹചര്യം ഉണ്ടായിട്ടും വോട്ടാക്കി മാറ്റാന്‍ പിള്ളക്ക് കഴിഞ്ഞില്ല. ശബരിമലയില്‍ ഇതിഹാസ താരമായി മാറിയ കെ. സുരേന്ദ്രനൊപ്പം പിള്ള നിന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു. പിളളയുടെ സ്ഥാനത്ത് കുമ്മനമായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്ന് കാണാമായിരുന്നു എന്നാണ് വിലയിരുത്തല്‍.
എന്‍ എസ് എസിനെ കൈയിലെടുക്കാനാണ് പിള്ളയെ നേതൃത്വത്തില്‍ അവരോധിച്ചത്. ബിജെപിയും സുകുമാരന്‍ നായരും തമ്മിലുള്ള പിണക്കം തീര്‍ക്കാന്‍ പിള്ളക്കായി. എന്നാല്‍ ചെങ്ങന്നൂരില്‍ പോയി നായര്‍ വോട്ടുകള്‍ അനുകൂലമാക്കാന്‍ പിള്ളക്ക് കഴിഞ്ഞില്ല. പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ 18 മണ്ഡലങ്ങളില്‍ എന്‍ എസ്എസിന്റെ പിന്തുണ യുഡിഎഫിനായിരുന്നു.
തൃശ്ശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായെന്നും സുരേഷ് ഗോപി നേരത്തെ മത്സരരംഗത്ത് ഇറങ്ങിയിരുന്നുവെങ്കില്‍ തൃശ്ശൂരില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമായിരുന്നുവെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ശബരിമല കേന്ദ്രീകരിച്ച് ബിജെപി മുന്നോട്ട് വച്ച രാഷ്ട്രീയ അജന്‍ഡ ജനം ചര്‍ച്ച ചെയ്തുവെന്ന ആത്മവിശ്വാസമാണ് ബിജെപി നേതൃയോഗത്തില്‍ പൊതുവില്‍ ഉയര്‍ന്നത്. അതേസമയം വയനാട്ടില്‍ ബിജെപി സഹായിച്ചില്ല എന്ന ബിഡിജെഎസ് ന്റെ വിമര്‍ശനം യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇതിനെയും പിള്ളയുടെ പിടിപ്പുകേടായാണ് ബിജെപി നേതാക്കള്‍ കരുതുന്നത്.
മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും രണ്ടിരട്ടി വോട്ടുകള്‍ ബിജെപി നേടുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കിടയിലുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല ജനമുന്നേറ്റം ഉണ്ടായെന്നു സംസ്ഥാന സമിതി യോഗത്തില്‍ വിലയിരുത്തല്‍.
അതേസമയം വടകരയിലും കൊല്ലത്തും ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായെന്നും ഇതു ഫലത്തില്‍ യുഡിഎഫിന് അനുകൂലമായി മാറിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വടകരയിലും കൊല്ലത്തും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് തരത്തിലും ചില നേതാക്കള്‍ അഭിപ്രായപ്രകടനം നടത്തി. കൂടുതല്‍ ശക്തരായ നേതാക്കളെ തന്നെ വടകരയിലും കൊല്ലത്തും പാര്‍ട്ടി മത്സരരംഗത്തിറക്കണമായിരുന്നുവെന്നും ഇതാണ് വോട്ടുകച്ചവടം എന്ന ആരോപണത്തിന് വഴി തുറന്നതെന്നും ഒരു നേതാവ് യോഗത്തില്‍ തുറന്നടിച്ചു.
എന്നാല്‍ വടകരയില്‍ മുരളിക്ക് ലഭിച്ച സഹായം വട്ടിയൂര്‍കാവില്‍ ബിജെപി തിരികെ പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപി വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തില്‍ സജീവമാണ്. അദ്ദേഹം താമസിക്കുന്നതും വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തിലാണ്. സംഗതി മൊത്തത്തില്‍ ബിജെ പി ക്ക് അനുകൂലമാണ് ഇവിടെ. വടകരയില്‍ മുരളി ജയിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തൃശൂരില്‍ സുരേഷ് ഗോപി രണ്ടാമതെത്തുമെന്നും കരുതുന്നു.
https://www.facebook.com/Malayalivartha


























