1987ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി; ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോർഡിന് ഏറെക്കാലം ഉടമ; മുന്‍ ധനമന്ത്രി വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു

സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ വി.വിശ്വനാഥ മേനോന്‍(92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു ഇദ്ദേഹം. രണ്ട് തവണ പാര്‍ലമെന്റ് അംഗമായിരുന്നു. അഞ്ച് സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. രണ്ടു മണിക്കൂര്‍ 35 മിനിറ്റ് എന്ന ഈ റെക്കോര്‍ഡ് പിന്നീട് കെ.എം. മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കന്‍ഡും നീണ്ട പ്രസംഗത്തിലൂടെ തിരുത്തി.12 വര്‍ഷം എഫ്.എ.സി.ടി യൂണിയന്‍ പ്രസിഡന്റായിരുന്ന ഇദ്ദേഹം 14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്റെയും പ്രസിഡന്റായിരുന്നു. കൊച്ചി പോര്‍ട്ട് യൂണിയന്റെയും പ്രസിഡന്റായി വിശ്വനാഥ മേനോന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.നഗരസഭാ കൗണ്‍സിലര്‍, എം.പി, എംഎല്‍എ, മന്ത്രി തുടങ്ങി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒട്ടേറെ പദവികള്‍ അലങ്കരിച്ച അദ്ദേഹം പിന്നീട് പാര്‍ട്ടിയുമായി അകന്നു.
കോണ്‍ഗ്രസിന്റെ ബി ടീമായി സി.പി.എം പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് മേനോന്‍ പാര്‍ട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനം പാര്‍ട്ടി വിടാന്‍ പെട്ടെന്നുള്ള കാരണമായി.1967ല്‍ ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചത് എതിര്‍ സ്ഥാനാര്‍ത്ഥിയായ എം.എം. തോമസിനേക്കാള്‍ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മുസ്ലിം ലീഗ് പിന്തുണയുമായി ഇടതുപക്ഷത്തുണ്ടായിരുന്നതാണ് ജയത്തില്‍ പ്രധാന ഘടകമായതെന്ന് മേനോന്‍ പിന്നീടു പറഞ്ഞിരുന്നു. എറണാകുളത്തുനിന്നു പാര്‍ട്ടി ചിഹ്നത്തില്‍ ലോക്സഭയിലേക്കു മല്‍സരിച്ചു ജയിച്ച ഏക കമ്യൂണിസ്റ്റാണ് വിശ്വനാഥ മേനോന്‍.
https://www.facebook.com/Malayalivartha


























