അമ്പരപ്പോടെ സുരേഷ്‌ഗോപി... ലോകത്തെ ഏറ്റവും പണക്കാരനായ ദൈവമായ അനന്തപത്മനാഭന്റെ കണ്‍മുമ്പില്‍ പിണ്ണാക്കും വൈക്കോലും കിട്ടാതെ എല്ലും തോലുമായ 36 പശുക്കള്‍; ഗ്വാളിയാറില്‍ പശു ചത്തതിന് ലോക്കോ പൈലറ്റിന് കൂട്ടയടി; പശു സംരക്ഷണത്തിന് കേരളത്തിന് 6 കോടി

പശുവിനെ സംബന്ധിച്ച മൂന്ന് വാര്‍ത്തകളോടെയാണ് കേരളം ഉണര്‍ന്നത്. ആദ്യത്തേത് നമ്മുടെ കൊച്ചു കേരളത്തില്‍. അതും ലോകത്തെ ഏറ്റവും സമ്പന്നനായ ദൈവം എന്നറിയപ്പെടുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഗോശാലയിലാണ് സംഭവം. മെലിഞ്ഞ് എല്ലും തോലുമായ പശുക്കളാകട്ടെ തൃശൂരിനെ എടുത്ത സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് ഗോശാലയിലെ പശുക്കളും. ബിജെപി പശുക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബിജെപി എംപിയായ സുരേഷ് ഗോപി അംഗമായ സ്ഥാപനത്തിലെ ദുരവസ്ഥ. സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ നേരിട്ടെത്തി.
ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലും തോലുമായി മാറിയ അവസ്ഥയിലായിരുന്നെന്നും പശുക്കള്‍ക്ക് ആവശ്യമായ പുല്ലോ വൈക്കോലോ പോലും ലഭ്യമാക്കാറില്ലെന്നുമാണ് അന്വേഷണത്തില്‍ മനസിലായതെന്നും മന്ത്രി പറഞ്ഞു.
പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പശുക്കളെല്ലാം അത്യാസന്ന നിലയിലാണ് എന്ന് പറയേണ്ടി വരും. വിജയകൃഷ്ണനും സുരേഷ് ഗോപിയും സുരേഷ് കുമാറും ഉള്‍പ്പെടെ പ്രമുഖരായിട്ടുള്ള ഒരുപറ്റം സമ്പന്നന്‍മാരാണ് ഈ ട്രസ്റ്റിന്റെ ആളുകള്‍ എന്നാണ് മനസിലാകുന്നത്. പശുക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നുണ്ടെങ്കില്‍ കളക്ടറോട് പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ക്ഷേത്രത്തില്‍ ഏല്‍പ്പിക്കാനുമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലെ 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതാവസ്ഥയില്‍ കഴിയുന്നത് എന്നായിരുന്നു പരാതി ഉയര്‍ന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരിലാണ് താത്ക്കാലിക അനുമതി തേടി ഗോശാല പ്രവര്‍ത്തിക്കുന്നത്. ട്രസ്റ്റ് ആവശ്യമായ പണം നല്‍കുകയോ പശുക്കള്‍ക്ക് ആഹാരത്തിനുള്ള പുല്ലും വൈക്കോലും ഒന്നും എത്തിക്കാറുമില്ലെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നത്.
അതേസമയം ഈ സംഭവം നോര്‍ത്ത് ഇന്ത്യയിലാണെങ്കില്‍ സുരേഷ് ഗോപി അനുഭവിച്ചേനെ. അതിനുദാഹരണമാണ് മറ്റൊരു സംഭവം. പാളം മുറിച്ചു കടക്കവേ പശു തീവണ്ടിയിടിച്ച് ചത്തതിന് ലോക്കോപൈലറ്റിനെ ഗോരക്ഷാ പ്രവര്‍ത്തകന്‍ മര്‍ദിച്ചു. പശുവിന്റെ ജഡം മാറ്റുന്നതുവരെ മൂന്നു സ്‌റ്റേഷനുകളില്‍ വെച്ച് അദ്ദേഹത്തിന് മര്‍ദനമേറ്റു വാങ്ങേണ്ടി വന്നു.
ഗ്വാളിയോര്‍ അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ജി.എ.ജാലയാണ് ഗോരക്ഷാപ്രവര്‍ത്തകന്റെ രോഷത്തിനിരയായത്. പാഠനിലെ സിധപുരില്‍ സ്‌റ്റേഷനിലേക്ക് വണ്ടിയെത്തുമ്പോളാണ് പശുവിനെ ഇടിച്ചത്. തീവണ്ടി നിര്‍ത്തി പരിശോധിക്കുന്നതിനിടെ യാത്രക്കാരനായ ബിപിന്‍സിങ് രാജ്പുത്താണ് ലോക്കോപൈലറ്റിനെ കൈയേറ്റം ചെയ്തത്.
മുന്നില്‍ കുടുങ്ങിയ പശുവിന്റെ ജഡം മെഹസാനയിലെത്തിയേ നീക്കം ചെയ്യാനായുള്ളൂ. അതിനു മുന്നേ കാംലി, ഉഞ്ച സ്‌റ്റേഷനുകളില്‍ വെച്ചും രാജപുത് ഡ്രൈവറെ കൈകാര്യം ചെയ്തു. പശുവിന് മാന്യമായ സംസ്‌കാരം ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. മെഹസാനയില്‍ തൊഴിലാളികള്‍ ജഡം വെട്ടിമുറിച്ച് നീക്കം ചെയ്യാനൊരുങ്ങിയതും ഇയാള്‍ തടഞ്ഞു. അപ്പോഴേക്കും റെയില്‍വേ പോലീസെത്തി രാജ്പുതിനെ അറസ്റ്റ് ചെയ്തു. ഗോവധത്തിന് കര്‍ശനശിക്ഷ ഉറപ്പാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ ദിവസം രാജ്‌കോട്ടിലെ കോടതി പശുക്കുട്ടിയെ കൊന്നയാള്‍ക്ക് പത്തുവര്‍ഷം തടവ് വിധിച്ചിരുന്നു.
അതേസമയം തന്നെ മോദിയുടെ വക കേരളത്തിന് പശുവിന്റെ പേരില്‍ വലിയ തുക ലഭിക്കും. കേരളത്തിലെ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ എന്നീ ഇനം പശുക്കളെക്കുറിച്ചുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു കോടി രൂപ അനുവദിച്ചതായി കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാന്‍ പറഞ്ഞു. രാഷ്ട്രീയ ഗോകുല്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുകയെന്ന് ലോക്‌സഭയില്‍ ഹൈബി ഈഡന്റെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു. എല്ലാം കൂടി വായിക്കുമ്പോള്‍ പശുക്കഥ വളരെ ഗംഭിരം.
https://www.facebook.com/Malayalivartha