ദൃശ്യം മോഡലില്‍ വാഹനത്തില്‍ ഫോൺ ഉപേക്ഷിച്ച് പോലീസിനെ വട്ടംകറക്കി; അർജ്ജുനെ കൊലപ്പെടുത്തി മറവുചെയ്യാൻ പ്രതികൾക്ക് വേണ്ടിവന്നത് വെറും രണ്ടര മണിക്കൂർ... കുരുക്ക് മുറുകുന്നത് പോലീസിനും

എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പൊലീസിനെ കബളിപ്പിക്കാന്‍ കൊലയാളികള്‍ നടത്തിയത് സിനിമ മോഡല്‍ ശ്രമം. കൊല്ലപ്പെട്ട അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യം മോഡലില്‍ വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. അര്‍ജുനെ കാണാനില്ലെന്ന് മൂന്നാം തീയതി അര്‍ജുന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ആദ്യം ആലുവയിലും പിറ്റേദിവസം കോതമംഗലത്തും ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചു. ഇതോടെ അര്‍ജുന്‍ ജീവനോടെ ഉണ്ടെന്ന നിഗമനത്തില് പൊലീസ് എത്തി. ആദ്യം പൊലീസ് പിടികൂടി ചോദ്യം ചെയ്ത വേളയില്‍ പിടിയിലായ പ്രതികള്‍, അര്‍ജുന്‍ കഞ്ചാവ് കടത്താന്‍ പോകാറുണ്ടെന്നും ഇത്തരത്തില്‍ പോയതായിരിക്കുമെന്നുമാണ് മൊഴി നല്‍കിയത്. ഇതോടെ അര്‍ജുന്‍ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില് അന്വേഷണം മന്ദീഭവിക്കുകയായിരുന്നു. പിന്നീട് അര്‍ജുന്റെ നാട്ടിലുള്ള സുഹൃത്തുക്കള്‍ സംശയമുള്ള പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംശയം ഉടലെടുത്തത്. അര്‍ജുന്‍ നെട്ടൂര്‍ പാലത്തിന് അടുത്ത് വന്നെങ്കിലും ഉടന്‍ തന്നെ തിരിച്ചുപോയെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്.
ബൈക്കില്‍ പെട്രോളില്ലാത്തതുകൊണ്ടാണ് അര്‍ജുനെ വിളിച്ചുവരുത്തിയതെന്നും, പിന്നീട് തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തമ്മനം ഭാഗത്തേക്ക് പോയെന്നും, അര്‍ജുന്‍ വീട്ടിലേക്ക് മടങ്ങിയെന്നും പ്രതികള്‍ പറഞ്ഞു. പെട്രോളില്ലാത്ത ബൈക്ക് കൊണ്ട് എങ്ങനെ പോയെന്ന ചോദ്യത്തിന് മറുപടിയുമില്ല. പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴികളില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ പൊലീസിന് കൈമാറുന്നത്.
ജൂലൈ 2 മുതലാണ് അര്‍ജുനെ കാണാതായത്. മൃതദേഹം താഴ്‌ത്തിയ സ്ഥലം കണ്ടെത്തിയെങ്കിലും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇത് അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാനാകൂ. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പൊലീസ് ആദ്യം എത്തിയപ്പോള്‍ മൃതദേഹം കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിപ്പെടാനായില്ല. മൃതദേഹം താഴ്‌ത്തിയത് വാഹനം പോകാന്‍ കഴിയുന്ന സ്ഥലത്തല്ലാത്തതിനാല്‍ 150 മീറ്റര്‍ അകലെ വരെ മാത്രമേ പോകാന്‍ കഴിഞ്ഞുള്ളൂ. റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് സ്ഥലം.
പിടിയിലായവരില്‍ ഒരാള്‍ക്ക് ക്രിമിനില്‍ പശ്ചാത്തലമുണ്ടെന്ന് സൂചനയുണ്ട്. ലഹരി മാഫിയയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ പട്ടിക കൊണ്ടും മറ്റൊരാള്‍ കല്ലു കൊണ്ടും തലയ്ക്കടിച്ച് അര്‍ജുനെ കൊലപ്പെടുത്തുകയായിരുന്നു. രാത്രി പത്തുമണിയോടെ വീട്ടില്‍ നിന്നിറക്കിയ അര്‍ജുനെ രണ്ടര മണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ മൊഴി. പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരും അര്‍ജുന്റെ സുഹൃത്തുക്കളാണ്.
ഇവരില്‍ ഒരാളുടെ സഹോദരന്‍ ഒരു വര്‍ഷം മുന്‍പ് അര്‍ജുനുമൊത്ത് ബൈക്കില്‍ പോകവേ കളമശ്ശേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. എന്നാല്‍ ഇത് അപകടമരണമല്ലെന്നും അര്‍ജുനെയും ഇതേ രീതിയില്‍ വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് ചങ്ങാത്തത്തിലായ ഇയാള്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം നെട്ടൂരിലെത്തിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.
അതേ സമയം പൊലീസിന്‍റെ വീഴ്ചയാണ് അർജുന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് അച്ഛൻ വിദ്യൻ പ്രതികരണവുമായി രംഗത്തെത്തി. അഞ്ചാം തീയതി മകനെ കാണാതായ സംഭവത്തില്‍ സംശയിക്കുന്ന റോണി, നിബിൻ എന്നിവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടും കൂടുതൽ അന്വേഷണം നടത്താതെ ഇരുവരെയും പറഞ്ഞുവിട്ടുവെന്നും അര്‍ജുന്‍റെ കുടുംബം ആരോപിക്കുന്നു. ഒമ്പതാം തീയതി വരെ പൊലീസ് ആരുടെയും മൊഴി എടുത്തിട്ടില്ലെന്നും വിദ്യൻ ആരോപിച്ചു.
https://www.facebook.com/Malayalivartha