രക്തം മരവിച്ച രാത്രി... പളനി ആണ്ടവനെ കണ്ട് മടങ്ങും വഴി കൊടും വനത്തില്‍ വച്ച് കുഞ്ഞിനെ എങ്ങനെ നഷ്ടപ്പെട്ടുവെന്നോ എങ്ങനെ തിരിച്ചു കിട്ടിയെന്നോ അവര്‍ക്കറിയില്ല; എങ്കിലും ഹൃദയത്തില്‍ കൈവച്ച് പറയുന്നു രക്ഷിച്ചത് സാക്ഷാല്‍ മുരുകന്‍; ഇത് ഞങ്ങളുടെ പൊന്നുമോളാണ് ഇവളെ വഴിയില്‍ ഉപേക്ഷിക്കില്ല

പളനിയിലെ ആണ്ടവനായ സാക്ഷാല്‍ മുരുകന്‍ വിശ്വാസികള്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. മുരുകന്റെ പല പരീക്ഷണങ്ങളും രക്ഷപ്പെടുത്തലുമെല്ലാം അനുഭവിച്ചറിഞ്ഞവര്‍ നിരവധിയാണ്. അങ്ങനെയാണ് പളനി വിശ്വാസികളുടെ അഭയ കേന്ദ്രമായത്. ഏറ്റവുമവസാനം ഇടുക്കി രാജമലയിലുണ്ടായ സംഭവവും സമാനമാണ്.
വെള്ളത്തൂവല്‍ മുള്ളരിക്കുടി സ്വദേശികളായ ആ കുടുംബം പളനിയില്‍ പോയത് ഒരു നേര്‍ച്ച നിറവേറ്റാനാണ്. ഒരുവയസുകാരി രോഹിതയുടെ സൗഭാഗ്യത്തിന് മൊട്ടയടിക്കാമെന്നായിരുന്നു നേര്‍ച്ച. മൊട്ടയടിപ്പിച്ച് നേര്‍ച്ചയും കഴിഞ്ഞ് മുരുകനേയും കണ്ട് വണങ്ങി വരുന്ന വഴിയാണ് രോഹിതയെ നഷ്ടപ്പെട്ടതും തിരികെ കിട്ടിയും. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത കഥയ്ക്ക് പിന്നില്‍ മുരുകനെന്നാണ് കുടുംബം ഉറക്കെ വിശ്വസിക്കുന്നത്.
പളനി ദര്‍ശനം കഴിഞ്ഞ് തിരികെ വന്ന ദമ്പതികളുടെ ഒന്നര വയസുള്ള രോഹിത ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഇടുക്കി രാജമലയിലാണ് റോഡില്‍ തെറിച്ചുവീണത്. വീഴ്ചയില്‍ പരിക്ക് പറ്റിയ കുഞ്ഞ് സമീപത്തെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ആദ്യമൊന്ന് അമ്പരന്ന ജീവനക്കാര്‍ ഉടന്‍ തന്നെ കുട്ടിയെ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുട്ടിയെ ആരെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും എന്തോ ഒന്ന് തെറിച്ചുവീണതായി ശ്രദ്ധയില്‍ പെട്ടത്. പിന്നാലെ റോഡിന്റെ മറുഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ കുഞ്ഞ് ചെക്ക് പോസ്റ്റിലെ വെളിച്ചം കണ്ട് ഇങ്ങോട്ട് ഇഴഞ്ഞുനീങ്ങുകയായിരുന്നു. മുഖത്തും നെറ്റിയിലും പരിക്കേറ്റ കുട്ടിയെ വനംവകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും മൂന്നാര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടയില്‍ വീട്ടിലെത്തിയ ദമ്പതികള്‍ കുഞ്ഞിനെ കാണാതെ പരിഭ്രാന്തരായി. കുഞ്ഞ് തങ്ങളോടൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞതോടെ വേവലാതിയായി. അവര്‍ മുരുകനെ വിളിച്ച് പ്രാര്‍ത്ഥിച്ചു. ഒപ്പം പോലീസിനേയും വിവരം അറിയിച്ചു. അവരുടെ പ്രാര്‍ത്ഥനപോലെ ഒരു പോറലുമേല്‍ക്കാതെ കുഞ്ഞ് രക്ഷപ്പെട്ടു. തുടര്‍ന്ന് കുഞ്ഞ് മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലുണ്ടെന്ന് വ്യക്തമാവുകയും മാതാപിതാക്കള്‍ ഇവിടെയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങുകയുമായിരുന്നു.
കുഞ്ഞിന്റേത് അത്ഭുതകരമായ രക്ഷപ്പെടലായിരുന്നുവെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച എല്ലാവരും പറയുന്നത്. ദൈവാധീനം ഒന്നുകൊണ്ട് മാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ ആണ്ടവനാണ് രക്ഷിച്ചതെന്ന് കുഞ്ഞിനെ വാരിപ്പുണര്‍ന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെക്ക് പോസ്റ്റിന് സമീപത്ത് തന്നെ ആന പാസ് ചെയ്യുന്ന സ്ഥലങ്ങളുണ്ട്.
അതേസമയം കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കെതിരെ ശക്തമായ ആരോപണമാണ് ഉയരുന്നത്. ഉത്തരവാദിത്വമില്ലായ്മയെ പലരും വിമര്‍ശിച്ചു. അവസാനം ശിശുക്ഷേമസമിതി കേസുമെടുത്തു. കുഞ്ഞിനെ മാതാപിതാക്കള്‍ മനഃപൂര്‍വം ഉപേക്ഷിച്ചതാണെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. സംഭവത്തില്‍ അച്ഛന്‍ സതീശിനും അമ്മ സത്യഭാമയ്ക്കുമെതിരെ മൂന്നാര്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. വന്യമൃഗങ്ങളിറങ്ങുന്ന കാനനപാതയില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയ വനപാലകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. രാജമല അഞ്ചാംമൈലിലെ നിരീക്ഷണ കാമറയില്‍നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കും.
അതേസമയം ഇത് ഞങ്ങളുടെ പൊന്നുമോളാണെന്നും ഇവളെ വഴിയില്‍ ഉപേക്ഷിച്ചതല്ലെന്നാണ് ജീപ്പ് യാത്രയ്ക്കിടെ റോഡില്‍ തെറിച്ചുവീണ് ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെടുത്തിയ ഒരുവയസുകാരി രോഹിതയുടെ അമ്മ സത്യഭാമ കുഞ്ഞിനെ മാറോടണച്ച് കണ്ണീരോടെ പറയുന്നത്. ഇവള്‍ ഞങ്ങളുടെ ജീവന്റെ ജീവനാണ്. എല്ലാം മുരുകന്റെ പരീക്ഷണമാണ്. സാരമില്ല. ആ മുരുകന്‍ തന്നെ ഞങ്ങളുടെ പൊന്നുമോളെ തിരികെ തന്നല്ലോ...
https://www.facebook.com/Malayalivartha