യുവതികളെത്തിയാൽ സഹായിക്കാൻ ഞങ്ങൾ റെഡി ; ശബരിമലയില്‍ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാന്‍ സാദ്ധ്യതയില്ല; ഇനി വീണ്ടും ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല; പുതിയ ആളുകള്‍ പോകട്ടെ; രണ്ടും കൽപ്പിച്ച് കനകദുര്‍ഗയും ബിന്ദു അമ്മിണിയും

രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ശബരിമല യവതീ പ്രവേശന വിധി നാളെ. ഈ അവസരത്തിൽ കേരളം ഉറ്റുനോക്കുന്നത് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ നിർണായക വിധിക്കു ശേഷം ധൈര്യപൂർവം മലചവിട്ടാൻ തയ്യാറായ ബിന്ദു അമ്മിണിയിലും കനക ദുർഗയിലേക്കുമാണ്. എന്നാൽ
ശബരിമലയില്‍ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാന്‍ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ സീസണില്‍ ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും പറയുന്നു. 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങള്‍ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങള്‍ തന്നെ ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഇനി പുതിയ ആളുകള്‍ പോകട്ടെയെന്ന് ബിന്ദു പറഞ്ഞു.
ചിലരൊക്കെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാന്‍ 'നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ'യെന്ന പേരില്‍ കൂട്ടായ്മയുമുണ്ട്. തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകള്‍ക്ക് പ്രവേശിക്കാനായിട്ടുണ്ട്. കയറാന്‍ ഇനിയും തയാറായിവരുന്ന യുവതികള്‍ക്ക് സഹായം ചെയ്യുമെന്നും ബിന്ദു വ്യക്തമാക്കി. ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കനകദുര്‍ഗ വ്യക്തമാക്കി.
ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദർശനം നടത്തി ചരിത്രത്തിൽ ഇടംനേടിയവരാണ് ബിന്ദുവും കനകദുർഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവിൽ ആ വാക്ക് പാലിച്ചു. പൊലീസ് സംരക്ഷണയോടെ മലകയറി ദർശനം നടത്തി ഇരുവരും ചരിത്രത്തിന്റെ ഭാഗമായി. 41 വയസുള്ള ബിന്ദു അമ്മിണി, അഭിഭാഷകയാണ്. കോഴിക്കോട് എടക്കുളം സ്വദേശിയാണ്. 42 വയസുള്ള, മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയാണ് കനക ദുര്ഗ.
ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നാളെ വിധി പറയുക. നാളെ 10.30ന് വിധി പ്രസ്‌താവിക്കുമെന്നാണ് സൂചന. പുനപരിശോധനാ ഹര്‍ജികളിലാണ് വിധി പറയുക. 56 പുനപരിശോധന ഹര്‍ജികളാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്ബിലുള്ളത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വിധിയാണ് നാളെ അറിയാന്‍ കഴിയുക.
ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്. അയോധ്യ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രീംകോടതി വിധി പുറത്തുവന്നതോടെ ഇനി എല്ലാവരും ഉറ്റുനോക്കുന്നത് ശബരിമലയിലേക്കാണ്. കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ന്നുവന്ന ശബരിമല പ്രശ്‌നത്തില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക.
2018 വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു നിർണായക വിധി. വിധി വന്നതിനു പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുള്ള പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്തത് 9000 ക്രിമിനൽ കേസുകളാണ്. ഇതിൽ പ്രതികളായത് 27,000 പേരും.
2016ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുൻപാകെ കേസ് വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാരായിരുന്നു അധികാരത്തിൽ. ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്നും തൽസ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നൽകി. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകി കോടതിയിൽ സംസ്ഥാന സർക്കാർ വാദിച്ചു.
യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോൾ അതു നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങൾ ഉയർന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ മുൻപാകെ എത്തിയത്.
https://www.facebook.com/Malayalivartha