ഉത്തരമലബാറില്‍ സി.പി.എം. നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഇരകളില്‍ ഭൂരിപക്ഷവും മുസ്ലീം യുവാക്കളാണെന്ന വിവാദപരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി

ഉത്തരമലബാറില്‍ സി.പി.എം. നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഇരകളില്‍ ഭൂരിപക്ഷവും മുസ്ലീം യുവാക്കളാണെന്ന വിവാദപരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. മുസ്ലീം തീവ്രവാദമാണ് കേരളത്തിലെ മുഖ്യപ്രശ്‌നമെന്ന രൂപത്തില്‍ വിശ്വസ്തരെ കൊണ്ട് മുഖ്യമന്ത്രി കോഴിക്കോട് പ്രസ്താവന നടത്തിയത് അതിന് ഒടുവിലത്തെ ഉദാഹരമാണ്. ന്യൂനപക്ഷത്തെ ഉപയോഗിച്ച് സി.പി.എം നടത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയം ഇനി കേരളത്തില്‍ വിലപ്പോകില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. യു.എ.പി.എ കരിനിയമമാണെന്ന് രാജ്യസഭയില്‍ ഘോരഘോരം പ്രസംഗിച്ച നേതാവാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ കരിനിയമം ഉപയോഗിച്ച് കോഴിക്കോട്ട് , നിയമവിരുദ്ധമായി രണ്ട് മുസ്്‌ലിം യുവാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്തിനാണ്. അവര്‍ ചെയ്ത കുറ്റം എന്താണെന്ന് സര്‍ക്കാരും സി.പി.എമ്മും ഇതുവരെ വിശദീകരിച്ചിട്ടില്ല. ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും മൃദുഹിന്ദുത്വ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ല. ദേശീയതലത്തില്‍ ഫാസിസ്റ്റ് ശക്തികളെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളില്‍ നിന്ന് കേരളത്തിലെ സി.പി.എം നാളിതുവരെ ഒളിച്ചോടുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ജനാധിപത്യ മതേതരചേരിയുണ്ടാക്കാന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിച്ചത് സി.പി.എം കേരളഘടകത്തിലെ നേതാക്കളാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് ദേശീയ അടിസ്ഥാനത്തിലുള്ള മതേതര ജനാധിപത്യ വേദി തകര്‍ത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യവും ആത്മാര്‍ത്ഥയില്ലാത്തതുമാണ്. ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ചുള്ള ഒരു പ്രഹസനം മാത്രമാണിത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ബീഫ് മേളകള്‍ നടത്തിയപ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ ഇവരുടെ കള്ളക്കളി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെയും സി.പി.എമ്മാണ് കൊലപ്പെടുത്തിയത്. രണ്ട് കേസുകളിലെയും പ്രതികളെ രക്ഷിക്കാന്‍ എല്ലാ ശ്രമവും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഷുഹൈബ് വധം സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഇതിനെല്ലാം പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് മുടക്കിയത്.
ഇക്കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. അത് വകവെയ്ക്കാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്തസമരം നടത്തിയത് കോണ്‍ഗ്രസില്‍ പുതിയ കലാപത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ പിന്തുണ വേണ്ടവിധം ഇല്ലാത്ത പ്രതിപക്ഷനേതാവ് അത് ഉറപ്പിക്കാനാണ് ഇത്തരത്തിലൊരു സമരത്തിന് നേതൃത്വം നല്‍കിയതെന്നും കോണ്‍ഗ്രസിലും യു.ഡി.എഫിലും വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെയാണ് സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്‌നേഹം പൊള്ളയാണെന്ന പരസ്യവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























