കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയേറെ. എന്നാൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപ വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമർദം തുടരുന്നു. ഇത് വടക്കുകിഴക്കൻ മധ്യപ്രദേശിലൂടെ തെക്കുകിഴക്കൻ ഉത്തർപ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തീവ്ര ന്യൂനമർദമായി തുടരാൻ സാധ്യതയുണ്ട്. ഇത് ക്രമേണ ദുർബലമായി ശക്തി കൂടിയ ന്യൂനമർദ മേഖലയായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.
തെക്കൻ തായ്ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി സെപ്റ്റംബർ 28ന് വടക്കൻ ആൻഡമാൻ കടലിന് മുകളിലേക്ക് എത്താൻ സാധ്യത. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ, മ്യാൻമർ ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് എത്താൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ച് അധികൃതർ .
അതേസമയം കേരളം -മാഹി - ലക്ഷദ്വീപ് - തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ നാളെ വരെ കള്ളക്കടൽ ജാഗ്രത നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് നാളെ രാവിലെ 10.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha
























