ജനമൈത്രി പൊലീസ് ശരിക്കും ജനങ്ങളുടെ കയ്യടിവാങ്ങുന്നത് ഇങ്ങിനെയാണ്... സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണങ്ങളണിഞ്ഞ് ഒറ്റയ്ക്ക് നടക്കാന്‍ ഇതിലും കിടു മാര്‍ഗം വേറെയില്ല

ജനമൈത്രി പൊലീസ് ശരിക്കും ജനങ്ങളുടെ കയ്യടിവാങ്ങുന്നത് ഇങ്ങിനെയാണ്... സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണങ്ങളണിഞ്ഞ് ഒറ്റയ്ക്ക് നടക്കാന്‍ ഇതിലും കിടു മാര്‍ഗം വേറെയില്ല. പൊലീസിന്റെ പട്രോളിംഗും സി.സി.ടി.വി ദൃശ്യങ്ങളും ഇല്ലാത്തിടത്ത് പോലും ഈ സംഭവം പൊളിക്കും. പാലക്കാട് കല്ലടിക്കോട് ജനമൈത്രി പൊലീസാണ് മാലയടക്കമുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുന്നത് തടയാന്‍ സേഫ്റ്റി പിന്നുമായി രംഗത്തെത്തിയത്. കല്‍പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് ഇതേ പദ്ധഥി നടപ്പാക്കി വിജയിച്ചതിനെ തുടര്‍ന്നാണ് ചുങ്കം കാട്ടുശ്ശേരി അയ്യപ്പന്‍കാവിലെ താലപ്പൊലിയോട് അനുബന്ധിച്ച് ബോധവല്‍ക്കരണവുമായി പൊലീസ് രംഗത്തെത്തിയത്.
സ്ത്രീകളുടെ മാലയും വസ്ത്രവും തമ്മില്‍ സേഫ്റ്റിപിന്നുമായി ബന്ധിപ്പിക്കുന്ന രീതിയാണിതെന്ന് പൊലീസ് അറിയിച്ചു. സാധാരണ മോഷ്ടാക്കള്‍ പിന്നില്‍ നിന്ന് പ്ലക്കറോ മറ്റോ ഉപയോഗിച്ചോ, അല്ലെങ്കില്‍ പൊട്ടിച്ചെടുത്തോ ആണ് മാല മോഷണം നടത്തുന്നത്. എന്നാല്‍ മാല സെഫ്റ്റിപിന്‍ ഉപയോഗിച്ച് വസ്ത്രവുമായി ബന്ധിപ്പിക്കുമ്പോള്‍ ഇത്തരത്തില്‍ മാല വലിച്ച് പൊട്ടിക്കാനാവില്ല. മാലയില്‍ പിടിച്ച് വലിക്കുമ്പോഴേ അറിയാനാകും. അങ്ങനെ ആളെ കൂട്ടിയും മറ്റും മോഷണം തടയാനും മോഷ്ടാവിനെ പിടികൂടാനും കഴിയും. അയ്യപ്പന്‍കാവിലെത്തിയ വനിതകളോട് ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് പൊലീസ് സെഫ്റ്റി പിന്നുകള്‍ വിതരണം ചെയ്തത്. സ്ത്രീകളുടെ ഭാഗത്ത് നിന്ന് നല്ലരീതിയിലുള്ള സഹകരണമാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ.എം ബിജു, ബീറ്റ് ഓഫീസര്‍മാരായ പുഷ്പദാസ്, ബിബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണം നടത്തിയത്.
കല്പാത്തി രഥോത്സവം ലക്ഷ്യംവെച്ച് എത്തുന്ന മോഷ്ടാക്കള്‍ക്ക് തടയിടാനാണ് ജില്ലാ പൊലീസ് ഇത്തരത്തിലൊരു പരീക്ഷണം ആദ്യമായി നടത്തിയത്. പതിനായിരങ്ങള്‍ രഥോത്സവത്തിനെത്തുമ്പോള്‍ മാല പൊട്ടിച്ച് കടക്കാന്‍ മോഷ്ടാക്കള്‍ക്ക് എളുപ്പമാണ്. ഉത്സവസമയത്ത് ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. അതിന് പരിഹാരമായാണ് ഈ രീതി അവലംബിച്ചത്. തുടര്‍ന്ന് എസ്.പി ഇടപെട്ട് ജില്ലായിലെ ഉത്സവങ്ങള്‍ അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സിമ്പിളാണ് സേഫ്റ്റിപിന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. കല്‍പ്പാത്തി രഥോത്സവത്തിന് പല സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തുന്നത്. പലര്‍ക്കും സ്ഥലം അത്ര പരിചിതമായിരിക്കില്ല. അതിനാല്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ വസ്ത്രത്തില്‍ കൊളുത്തിയിടണമെന്ന് പൊലീസ് ഇടയ്ക്കിടെ മൈക്കിലൂടെ അനൗണ്‍സ് നടത്തിയിരുന്നു. കൂടാതെ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ സൗജന്യമായി സേഫ്റ്റി പിന്‍ വിതരണവും നടത്തി.
കല്‍പ്പാത്തി രഥോത്സവത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് ജില്ലയിലെ മറ്റ് ആഘോഷങ്ങള്‍. സംസ്ഥാന അതിര്‍ത്തിയായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പ്പെടെയുള്ളവര്‍ വരും. വരുന്ന ഭക്തരും മറ്റ് ആളുകളും വളരെ വ്യത്യസ്തതയുളളവരാണ്. അവരെ ഇക്കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക ഏറെ ശ്രമകരമാണ്. പാലക്കാടിന്റെ ഭൂപ്രകൃതി വ്യത്യസ്തമാണ്. അതിനാല്‍ ഉത്സവങ്ങള്‍ക്കും മറ്റും എത്തുന്നവരെ കമ്മിറ്റിക്കാരുടെ സഹായത്തോടെയാണ് പൊലീസ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. നിരവധി ചെറുപൂരങ്ങളുള്ള നാടാണ് പാലക്കാട്. അവിടങ്ങളില്‍ മോഷണം മാത്രം ലക്ഷ്യം വെച്ച്് എത്തുന്ന സംഘങ്ങളുണ്ട്. അവരെ തടയിടുകയാണ് പൊലീസിന്റെ സിംപിളായ ലക്ഷ്യം.
https://www.facebook.com/Malayalivartha

























