കേരളത്തിന്റെ 6 ചുണക്കുട്ടികൾ മിലിട്ടറി പോലീസിന്റെ കുപ്പായമണിയുന്നു; കേരളത്തിന് അഭിമാനമായി ഈ പെൺകുട്ടികൾ

ഇനി വനിതകളും മിലിറ്ററി പോലീസിന്റെ യൂണിഫോം അണിയുന്നു. പഴ്സനൽ ബിലോ ഓഫിസർ റാങ്കിലേക്കാണ് നിയമനം നടത്തുന്നത്. തിരുവനന്തപുരത്തെ രണ്ടു പേർ ഉൾപ്പടെ ആറു മലയാളികൾ ഇക്കൂട്ടത്തിൽ ഇടം നേടിയിരിക്കുന്നു. തിരുവനന്തപുരം സ്വദേശികളായ എസ്.ആർ.ഗൗരി, പി.എസ്.അർച്ചന, കൊല്ലം സ്വദേശികളായ എ.മാളു,ജനിക എസ്.ജയൻ,പാലക്കാട് സ്വദേശി മായ സജീഫ്, മലപ്പുറം സ്വദേശി ടി.വിസ്മയ എന്നിവരാണ് ഈ മിടുക്കികൾ.
ബെംഗളൂരു റീജനിലെ 20 പേരിലാണ് ആറു മലയാളികൾ നിയമനം നേടിയത്. 142 സെന്റിമീറ്റർ ഉയരമുള്ളവരാണ് മിലിട്ടറി പോലീസിൽ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 25 മുതൽ ജൂലൈ 8 വരെയായിരുന്നു അപേക്ഷ ക്ഷണിച്ചത്. അമ്പാല, ജബൽപൂർ,ബെംഗളൂരു, ലക്നൗ, ഷില്ലോങ് എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. സൈന്യത്തിൽ പഴ്സനൽ ബിലോ ഓഫിസർ റാങ്കിൽ സ്ത്രീകളെ ഉൾപ്പെടുത്താമെന്ന സർക്കാർ ഉത്തരവ് ഇറങ്ങി മൂന്നു മാസത്തിനുള്ളിലാണ് അപേക്ഷ ക്ഷണിച്ചിരുന്നു.
സൈന്യത്തിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, പൊലീസ് സഹായം ആവശ്യമുള്ള സൈനിക പ്രവർത്തനങ്ങൾ, ക്രോസ് ബോർഡർ യുദ്ധസമയത്ത് ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള സഹായങ്ങൾ നൽകുക എന്നിവയാണ് മിലിറ്ററി പോലീസിന്റെ ചുമതലകൾ. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഭയാർഥികളുടെ നിയന്ത്രണം, ഏറ്റുമുട്ടൽ സാഹചര്യങ്ങളിൽ തടവുകാരുടെ യുദ്ധക്യാംപുകളുടെ നടത്തിപ്പ് എന്നിവയും ഇതിൽ ഉൾപ്പെടും. യുഎൻ പ്രത്യേക മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന മിലിട്ടറി പൊലീസിന് കോംഗോ, സൊമാലിയ, റുവാണ്ട, സിയറ തുടങ്ങിയ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കാനും അവസരമുണ്ട്.ഇത്തരമൊരു നേട്ടം കൈവരിച്ചതോടെ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഈ പുലിക്കുട്ടികൾ.
https://www.facebook.com/Malayalivartha

























