ലോട്ടറി കച്ചവടക്കാരന് ഒരു സഹായമാകട്ടെ എന്നു ചിന്തിച്ച് എടുത്ത ടിക്കറ്റ് നേടിക്കൊടുത്തത് 70 ലക്ഷം രൂപ!

ലോട്ടറി കച്ചവടക്കാരനോട് തോന്നിയ സഹതാപം ഭാഗ്യമായി തിരികെ കിട്ടിയപ്പോള്‍ ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതില്‍ ശിവനും കുടുംബത്തിനും ആഹ്‌ളാദം. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ശിവനാണ്.
ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതില്‍ ശിവനും കുടുംബവും ചെട്ടികുളങ്ങര ദേവീക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത് ഇന്നലെ രാവിലെ 7.45-ന് ആയിരുന്നു. അവരുടെ വീടിന് മുന്നില്‍ വച്ചു കണ്ട ലോട്ടറി കച്ചവടക്കാരനെ കുറിച്ച് ഭാര്യ ഓമനയ്ക്ക് നന്നായി അറിയാം. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഇയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സാമ്പത്തിക പരാധീനതകളെ കുറിച്ചും നന്നായി അറിയാവുന്ന ഓമനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ശിവന്‍, സ്ത്രീശക്തി ലോട്ടറിയുടെ എസ് വൈ 170457 നമ്പര്‍ ടിക്കറ്റെടുത്തു.
35 വര്‍ഷമായി വീടുകളുടെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോയി ഉപജീവന മാര്‍ഗം തേടുന്ന ശിവനും കുടുംബവും നാലു സെന്റിലെ ചെറിയ വീട്ടിലാണ് കഴിയുന്നത്. ലക്ഷങ്ങളുടെ ബാധ്യതയുള്ള ഈ കുടുംബത്തിന് സമ്മാനതുകയായ 70 ലക്ഷം രൂപ വലിയ ആശ്വാസമാവും. ബാധ്യത കഴിഞ്ഞുള്ള തുകയ്ക്ക് നല്ലൊരു വീട് വയ്ക്കണമെന്നാണ് മോഹമെന്ന് ശിവന്‍ പറഞ്ഞു.
കായംകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ് കോട്ടയം സ്വദേശിയായ ലോട്ടറി കച്ചവടക്കാരന്‍. ഇയാളുടെ ഭാര്യ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി കച്ചവടം നടത്തി വരുന്നു. തിരുവല്ല ടു സ്റ്റാര്‍ ലോട്ടറി ഏജന്‍സിയുടേതാണ് ടിക്കറ്റ്. ഇന്നലെ വൈകുന്നേരം സമ്മാനതുക ലഭിച്ചയാളെ തിരക്കി ലോട്ടറിക്കാരന്‍ സിപിഎം ചെട്ടികുളങ്ങര കിഴക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ എത്തിയപ്പോഴാണ് ഒന്നാം സമ്മാനം കിട്ടിയ വിവരം ശിവന്‍ അറിയുന്നത്.
ശിവനും ഓമനയും രണ്ടു മക്കളും സിപിഎം ചെട്ടികുളങ്ങര കിഴക്ക് ലോക്കല്‍ കമ്മിറ്റിയിലെ കോയിക്കത്തറ ബ്രാഞ്ചംഗങ്ങളാണ്. സമ്മാനം നേടിയ ടിക്കറ്റ്, ചെട്ടികുളങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുധാകരക്കുറുപ്പിന്റേയും സിപിഎം ചെട്ടികുളങ്ങര കിഴക്ക് ലോക്കല്‍ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി ജി. അജിത്തിന്റേയും സാന്നിധ്യത്തില്‍ പെരുങ്ങാല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. പ്രേംദീപിന് ശിവന്‍ കൈമാറി.
https://www.facebook.com/Malayalivartha

























